കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നിരാഹാര സമരം. എം.പി ഫണ്ട് വിനിയോഗിക്കാന്‍ കളക്ടര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് സമരം. എന്നാല്‍ നിയമപരമായി മാത്രമേ നടപടികള്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് കളക്ടര്‍ ടി മിത്ര വ്യക്തമാക്കി.

കൊല്ലത്ത് ജില്ലാ കളക്ടറും എം.പിയും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഒന്‍പത് കോടിയുടെ പദ്ധതിയാണ് എന്‍.കെ പ്രേമചന്ദ്രന്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഒരെണ്ണത്തിന് പോലും കളക്ടര്‍ അനുമതി നല്‍കിയില്ലെന്നാണ് അരോപണം. നിരവധി തവണ നേരിട്ടും ഫോണിലൂടെയും എം.പി കളക്ടറോട് സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് നിരാഹാര സമരമാര്‍ഗ്ഗം എം.പി സ്വീകരിച്ചത്. കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. കളക്ടര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്ന് നിരാഹാരസമരം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഒരു കളക്ടര്‍ക്കെതിരെ എം.പി സമരം ചെയ്യുന്നത് സംസ്ഥാനത്ത് അപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എം.പിയുടെ ആരോപണം ശരിയല്ലെന്നും നിയമപരമായി മാത്രമേ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് കളക്ടര്‍ വ്യക്തമാക്കി. നേരത്ത സമാന പരാതിയുമായി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയും രംഗത്ത് വന്നിരുന്നു.