കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്ന യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മാണിയുമായി യാതൊരു വിട്ടുവിഴ്ചയും അനുവദിക്കില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് പറ‌‌ഞ്ഞ പിജെ കുര്യന്റെ നിലപാടും ജില്ലാ യുഡിഎഫ് നേതൃത്വം തള്ളി.

കോട്ടയം ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫുമായി ഭരണം പങ്കിട്ടത്തിനെതുടര്‍ന്ന് കേരളാ കോണ്‍ഗ്രസുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളുടെ ഇടപെടലിനെ തുട‍ര്‍ന്ന് യുഡിഎഫ് മയപ്പെടുത്തിയിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണ് കഴിഞ്ഞ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാണിയോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ നിലപാട് മയപ്പെടുത്തി. കഴി‌ഞ്ഞ ഡിസിസി യോഗത്തില്‍ കേരളാ കോണ്‍ഗ്രസിനെതിരെ ആ‌‌ഞ്ഞടിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നണിപ്രവേശനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കി.

എന്നാല്‍ ഈ നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് യുഡിഎഫ് ജില്ലാചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ രംഗത്തെത്തി. മാണിയെ യുഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് പറ‌‌ഞ്ഞ പിജെ കുര്യന്റെ നിലപാടും ജില്ലായുഡിഎഫ് നേതൃത്വം തള്ളി. മാണിയുമായി അനുര‍ജ്ഞനത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ജില്ലാ നേതൃത്വത്തിന്റെ നിലപാട് പുതിയ തലവേദനയായി.