സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്നായിരുന്നു അറബ് പത്രങ്ങളിൽ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വന്ന വാർത്ത.
നിയമവിരുദ്ധമായി കഴിയുന്ന വിദേശികള്‍ക്ക് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് സബ്ഖ് അറബ് ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അല്‍ വതന്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പൊതുമാപ്പ് സംബന്ധമായ വിവരങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവരെ സമീപ്പിക്കണമെന്നും മറ്റു ഉറവിടങ്ങളെ ആശ്രയിക്കരുതെന്നും പാസ്പോര്‍ട്ട് വിഭാഗം നിര്‍ദേശിച്ചു. പൊതുമാപ്പ് വാര്‍ത്ത വന്നതോടെ ഏറെ പ്രതീക്ഷയിലായിരുന്നു വിസാ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു വിദേശികള്‍.
അനധികൃത താമസക്കാര്‍ക്ക് മൂന്ന് മാസത്തിനിടയില്‍ തടവും പിഴയും കൂടാതെ നാട്ടിലേക്ക് മടങ്ങാമെന്നും മൂന്ന് മാസത്തിനു ശേഷം ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്നുമായിര്‍ന്നു റിപ്പോര്‍ട്ട്. അതേസമയം ഇന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുമാപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ അധികൃതരില്‍ നിന്ന് കൂടുതല്‍ വിശദീകരണം പ്രതീക്ഷിച്ചിരിക്കുകയാണ് വിദേശികള്‍.
