ന്യുഡൽഹി: സ്ത്രീധന പീഡന കേസുകളിൽ പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടാതെ അറസ്റ്റ് വേണ്ടെന്ന് സുപ്രീം കോടതി. സ്ത്രീധന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. വൈവാഹിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു.
ഇതുവഴി ഭർത്താവിനെയും മാതാപിതാക്കളെയും പ്രായം ചെന്നവരെയും പ്രായപൂർത്തിയാകാത്തവരെയും ക്രിമിനൽ കേസിൽ അകപെടുത്തുകയാണെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കേസുകളിലെ മനുഷ്യാവകാശ ലംഘനം പരിശോധിക്കണം.
ഗാർഹിക പീഢനം അനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകിവന്ന നിയമസംരക്ഷണത്തിന് മറിച്ചാണ് ഈ ഉത്തരവ്. വ്യാഴാഴ്ച്ചയാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരം കേസുകളിലെ നിജസ്ഥിതിയെ കുറിച്ച് പഠിക്കാനായി എല്ലാ സംസ്ഥാനങ്ങളും ഫാമിലി വെൽഫെയർ കമ്മിറ്റികൾ(FWC) രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
