കൊട്ടാരക്കര: പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം ആഘോഷിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളുമൊക്കെ.എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം വന്നതിന് പിന്നാലെ കാണാതായ മകനെ കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയുമുണ്ട് കൊട്ടാരക്കരക്കടുത്ത് കോക്കാട്.കഴിഞ്ഞ വര്‍ഷം +2 ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടടുത്ത ദിവസമാണ് അനില്‍ കൃഷ്ണന്‍ നാടുവിട്ടത്.

വാക്കുകള്‍ ഇടക്ക് മുറിയുമ്പോഴും ഈ അച്ഛന് ഉള്ളില്‍ പ്രതീക്ഷയുണ്ട്. എന്നെങ്കിലുമൊരിക്കല്‍ മകന്‍ വീട്ടിലെക്ക് തിരിച്ചെത്തുമെന്ന്. അനിലിന് ഉപരിപഠനത്തിന് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ വീടുവിട്ട് മകന്‍ പോകുമെന്ന് ആരും ചിന്തിച്ചത് പോലുമില്ല. പരീക്ഷ ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം രാത്രി കരണ്ട് പോയ സമയത്ത് ആരോടും ഒന്നും പറയാതെ വീടുവിട്ട് പോവകുയായിരുന്നു അനില്‍ കൃഷ്ണന്‍.

ചെങ്ങമനാട് മാര്‍ ഓയ്ഗെന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അനില്‍.കാണാതായ അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കി.എന്നാല്‍ ഇതുവരെയായിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കണ്ടക്ടറായി ജോലി നോക്കുന്ന അച്ഛന്‍ നന്ദകുമാര്‍ ഓരോ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും പ്രതീക്ഷയോടെ മുറ്റത്തേക്ക് നോക്കും. ചിരിച്ച് കൊണ്ട് വരവേല്‍ക്കാന്‍ ഏകമകന്‍ അവിടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ.