ദില്ലി: നോട്ട് മാറ്റിയെടുക്കാൻ അവസരം തേടി ഹർജി നൽകിയവർക്കെതിരെ പഴയ നോട്ട് കൈവശം വെച്ചതിന് ക്രിമിനൽ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകി. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
നിരോധിച്ച നോട്ടുകള്‍ പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ച് നിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ ഒരവസരം കൂടി നല്‍കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പതിനാലോളം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നോട്ട് നിരോധിച്ച നടപടിയുടെ ഭരണഘടനാ സാധുത തങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ മതിയായ അവസരം നല്‍കാതെ നോട്ട് നിരോധിച്ച നടപടിയെ ആണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി അഞ്ചംഗം ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത്.
