മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ "മരണപ്പെട്ടവര്‍ക്ക്' ആദരാഞ്ജലി അര്‍പ്പിച്ച് മൗനാചരണവും നടന്നു. "മരണപ്പെട്ടവരുടെ' ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

പാറ്റ്ന: ബിഹാറില്‍ 27 പേര്‍ "വെന്തുമരിച്ച' ബസ് അപകടം നടന്ന് ഒരു ദിവസം പിന്നിടുന്നതിന് മുന്‍പ് അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മന്ത്രി തന്നെയാണ് മരണ സംഖ്യ ട്വിറ്ററിലൂടെ നേരത്തെ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ "മരണപ്പെട്ടവര്‍ക്ക്' ആദരാഞ്ജലി അര്‍പ്പിച്ച് മൗനാചരണവും നടന്നു. "മരണപ്പെട്ടവരുടെ' ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

ചമ്പാരന്‍ ജില്ലയിലെ കോട്‌വയ്‌ക്ക് സമീപം എലിവേറ്റഡ് ഹൈവേയില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് തീപിടിച്ച് നിരവധി പേര്‍ മരിച്ചുവെന്നായിരുന്നു വാര്‍ത്ത വന്നത്. ആദ്യം ഏഴ് പേര്‍ മരിച്ചുവെന്നും പിന്നീട് 12 പേരായി മരണ സംഖ്യ ഉയര്‍ന്നുവെന്നും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. വൈകുന്നേരത്തോടെ മരണ സംഖ്യ 27 ആയതോടെ സംഭവം വലിയ വാര്‍ത്താ പ്രധാന്യം നേടി. മന്ത്രിമാരും ജില്ലാ ഭരണകൂടവും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ ആരും മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തുകയായിരുന്നു. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈകുന്നേരം പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ വെച്ച് രണ്ട് മിനിറ്റ് മൗനം ആചരിച്ചാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. നിരവധിപ്പേര്‍ വിവിധ മാധ്യമങ്ങളിലൂടെ അനുശോചന സന്ദേശങ്ങളും അയച്ചു. ഇത്രയും വലിയ പിഴവ് സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുകയാണെന്നാണ് ഇപ്പോഴത്തെ വിശദീകരണം. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയവര്‍ 13 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് പൊള്ളലേറ്റിരുന്നെങ്കിലും ആരുടെയും നില ഗുരുതരമായിരുന്നില്ല. തൊട്ടുപിന്നാലെ ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇതോടെ ആകെ ബസിലെ സീറ്റുകളുടെ എണ്ണത്തില്‍ നിന്ന് 13 കുറച്ച ശേഷം ബാക്കിയുള്ളവരെല്ലാം മരിച്ചെന്ന വാര്‍ത്ത അധികൃതര്‍ പുറത്തുവിട്ടത്. ഇങ്ങനെയാണത്രെ 27 പേര്‍ വെന്തുമരിച്ചെന്ന വലിയ വാര്‍ത്തയും വന്നത്.