കെ.എം ജോസഫിന്‍റെ നിയമന കാര്യത്തിൽ കൊളീജിയം തീരുമാനം പിന്നീട് കൊളീജിയം യോഗത്തിൽ ഭിന്നതയെന്നാണ് ലഭിക്കുന്ന സൂചന കൂടുതൽ ചർച്ച നടത്താൻ ധാരണ

ദില്ലി: ജസ്റ്റിസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതിയിലേക്കുള്ള നിയമന കാര്യത്തിൽ കൊളീജിയം ഇന്ന് തീരുമാനം എടുത്തില്ല. തീരുമാനം എടുക്കുന്ന കാര്യം പിന്നത്തേക്ക് മാറ്റിവച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കിയ സാഹചര്യത്തിലാണ് ഇന്ന് കൊളീജിയം യോഗം ചേർന്നത്. അദ്ദേഹത്തിന്റെ പേര് വീണ്ടും ശുപാർശ ചെയ്തേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിൽ ഭിന്നതയെന്നാണ് ലഭിക്കുന്ന സൂചന. കൂടുതൽ ചർച്ച നടത്താൻ ധാരണ. അപ്രതീക്ഷിത അവധിയെടുത്തുവെങ്കിലും ജസ്റ്റിസ് ജെ.ചലമേശ്വര്‍ കൊളീജിയം യോഗത്തിൽ പങ്കെടുത്തു. സീനിയോറിറ്റി മറികടന്നു എന്നാണ് ജസ്റ്റിസ് ജോസഫിന്‍റെ പേര് തിരിച്ചയക്കാൻ കേന്ദ്ര നിയമമന്ത്രാലം ചൂണ്ടിക്കാട്ടിയ പ്രധാന കാരണം. എന്നാൽ ഇത് നേരത്തെ തന്നെ കൊലീജിയം പരിശോധിച്ചിരുന്നു. 
നിലവിൽ സുപ്രീംകോടതി ജഡ്ജിയാകാൻ അര്‍ഹനായ ആദ്യത്തെയാൾ ജസ്റ്റിസ് കെ.എം.ജോസഫാണെന്ന് കൊളീജിയം അന്ന് ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഈ തീരുമാനം മാറ്റാനുള്ള എന്തെങ്കിലും സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായം. ചീഫ് ജസ്റ്റിസിൻറെ നിലപാടിൽ മാറ്റമുണ്ടാവുമോ എന്നതാണ് ഇനി അറിയേണ്ടത്. കൊളീജിയം രണ്ടാമതും ശുപാര്‍ശ നൽകിയാൽ അത് കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും. എന്നാൽ തീരുമാനം നീട്ടിക്കൊണ്ടുപോകാൻ സര്‍ക്കാരിന് തടസ്സമുണ്ടാകില്ല. അതേസമയം, ശുപാർശ പുനപരിശോധിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് വ്യക്തമാക്കി.