ദില്ലി: സി ബി ഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. യോഗം വീണ്ടും ചേര്‍ന്നേക്കും. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറായതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1982-85 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരാണ് 12 പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

സീനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝാ, സിഐഎസ്എഫ് ഡിജി രാജേശ് രഞ്ജന്‍, ബിഎസ്എഫ് ഡയറക്ടര്‍ രജനികാന്ത് മിശ്ര, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി.മോദി എന്നിവരാണ് പരിഗണനയിലുള്ള പ്രമുഖര്‍. 

അലോക് വര്‍മയെ സിബിഐ തലപ്പത്ത് നിന്ന് മാറ്റി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് അംഗങ്ങള്‍. ഇതിനിടെ സിബിഐ ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നൽകാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഈ കേസിൽ നിന്നും പിന്മാറിയിരുന്നു .

അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്‍റെ കാലാവധി ജനുവരി 31 വരെയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ജനുവരി 10 നാണ് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. സുപ്രീംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തീരുമാനത്തോട് വിയോജിച്ചിരുന്നു.