Asianet News MalayalamAsianet News Malayalam

ജിഎസ്‌ടി കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞു

no decision in gst council meet
Author
First Published Dec 4, 2016, 1:49 AM IST

ദില്ലി: നികുതി പിരിവിനുള്ള അധികാരം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കടുംപിടുത്തം തുടര്‍ന്നതോടെ തര്‍ക്ക വിഷയങ്ങളില്‍ സമവായമാകാതെ ജിഎസ്ടി കൗണ്‍സില്‍ യോഗം പിരിഞ്ഞു. അടുത്ത ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വീണ്ടും കൗണ്‍സില്‍ യോഗം ചേരും. കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തം ഒഴിവാക്കിയാലേ ചരക്ക് സേവന നികുതി നടപ്പാക്കാനാകൂ എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നികുതി പിരിക്കു മേഖലകളെ സംബന്ധിച്ച് ഇനിയും സമവായമാകാനുണ്ട്. അത് അടുത്ത ആഴ്ച്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരില്‍ നിന്നും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് തന്നെ വിട്ടു നല്‍കണമെന്നാണ് യോഗത്തില്‍ കേരളം നിലപാട് സ്വീകരിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ദില്ലി, യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതേ നിലപാടില്‍ ഉറച്ച് നിന്നതോടെ അഞ്ചാമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലും ചരക്ക് സേവന നികുതി കരട് ബില്ലിന് അന്തിമ രൂപം നല്‍കാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ലെങ്കില്‍ കരട്ബില്‍ കൗണ്‍സില്‍ കടക്കില്ലെന്ന് ഇന്നലെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റൈ ശൈത്യകാല സമ്മേളനം സമാപിക്കുന്നതിന് മുമ്പ് ബില്ല് പാസായെങ്കില്‍ മാത്രമേ അടുത്ത ഏപ്രിലില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കാനാകൂ. രണ്ട് ദിവസങ്ങളിലായി നടന്ന യോഗത്തില്‍ കേന്ദ്രസംസ്ഥാന ചരക്ക് സേവന നികുതി ബില്ലിന്റെ കരട് ചര്‍ച്ച ചെയ്‌തെന്നും അടുത്തയാഴ്ച്ച വീണ്ടും യോഗം ചേര്‍ന്ന് തര്‍ക്ക വിഷയങ്ങളില്‍ സമവായം കണ്ടെത്തുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.

സമവായത്തിനുപകരം 75 ശതമാനം വോട്ടില്‍ തീരുമാനമെടുക്കാമെന്നാണു കൗണ്‍സിലിന്റെ വ്യവസ്ഥ. അങ്ങനെ തീരുമാനിക്കാന്‍ കേന്ദ്രം മുതിരുമോ എന്നു വ്യക്തമല്ല. അടുത്ത വര്‍ഷം സെപ്തംബര്‍ 17ന് മുമ്പ് ചരക്ക് സേവന നികുതി നടപ്പിലാക്കുകയെന്നത് ഭരമഘടനാപരമായ ബാധ്യതയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios