ജയ്പൂര്‍: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കത്തുകളില്‍നിന്ന് ബി ജെ പി ആചാര്യന്‍ ദീനദയാൽ ഉപാദ്ധ്യായയുടെ ചിത്രം മാറ്റാന്‍ ഉത്തരവിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം നടന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.  ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 

ഔദ്യോഗിക കത്തുകളില്‍ ഉപാദ്ധ്യായയുടെ ചിത്രം മാറ്റി പകരം ദേശീയ പ്രതീകമായ അശോക സ്തംഭം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. രാജസ്ഥാന്‍ പ്രിന്റിങ്ങ് ആന്റ് സ്റ്റേഷനറി വകുപ്പിൽനിന്നും ദീനദയാല്‍ ഉപാദ്ധ്യായയുടെ ചിത്രം പിൻവലിക്കും. ഇതോടെ സംസ്ഥാനത്തെ മുൻ സർക്കാർ 2017 ഡിസംബറില്‍ പുറത്തിറക്കിയ സർക്കുലർ അസാധുവാകും. 

സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവിടങ്ങളിലെ ഔദ്യോഗിക കത്തുകളില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ചിത്രം ലോഗേ ആയി വയക്കണമെന്നതായിരുന്നു മുൻ ബിജെപി സർക്കാർ പുറത്തിറക്കിയ ഉത്തരവ്. കോൺഗ്രസ് ഭരണത്തിലെത്തിയതിനുശേഷം സംസ്ഥാനത്ത് നടത്തിയ ആദ്യ ഭരണ പരിഷ്കരണമാണിത്.