വെള്ളം കിട്ടാതെ ജില്ലയിലെ കോള്‍ പാടങ്ങള്‍ ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ കര്‍ഷകരുടെ കൂട്ടായ്മ ഇറിഗേഷന്‍ ഓഫീസര്‍മാരെ ഉപരോധിക്കുന്നത് ജില്ലയിലെ പതിവ് കാഴ്ചയാണ്. വെള്ളം തുറന്നു വിടുക, കോള്‍ ചാലുകളിലെ ചണ്ടി നീക്കം ചെയ്യുക, ചണ്ടി നീക്കിയ ഇനത്തില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ള തുക ലഭ്യമാക്കുക തുടങ്ങി അത്യാവശ്യങ്ങളുടെ ഒരു വലിയ പട്ടികയുമായാണ് ഓരോ തവണയും കര്‍ഷകര്‍ ഉദ്യോഗസ്ഥരെ സമീപിക്കുന്നത്.
എന്നാല്‍ കാര്‍ഷിക ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചതൊന്നും സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല. 2012 മുതല്‍ അനുവദിക്കുന്നത് 2 കോടി രൂപ മാത്രം. ഓരോ വര്‍ഷവും ബജറ്റ് പ്രഖ്യാപനത്തിന് ഏറെ മുന്‍പ് തന്നെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമായ ഫണ്ടിന്റെ വിശദവിവരങ്ങള്‍ ഉന്നത വകുപ്പുകളിലേക്കും ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍ക്കും നല്‍കാറുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശിക കൊടുത്ത് തീര്‍ക്കുമ്പോഴേക്കും അനുവദിച്ച ഫണ്ടിന്റെ വലിയൊരു ഭാഗം തീര്‍ന്നിരിക്കും. കോള്‍ മേഖലയ്ക്ക് ബജറ്റില്‍ നീക്കി വെക്കുന്ന തുക വര്‍ദ്ധിപ്പിക്കാതെ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
