സലാല: മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടിട്ടു 18 ദിവസം കഴിഞ്ഞു , ഇതുവരെയും കുറ്റവാളികളെ കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടില്ല. അന്നേ ദിവസം തന്നെ റോയൽ ഒമാൻ പോലീസ് കേസില്‍ കസ്റ്റഡിയില്‍ ഏടുത്ത ഭര്‍ത്താവ് ലിന്‍സന്‍ തോമസിനെ ഇതുവരെ വിട്ടയച്ചില്ല.
ലിന്‍സന്‍ സലാലയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. ചിക്കു റോബര്‍ട്ടിന്‍റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലിന്‍സന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ ലിന്‍സന് പോകാന്‍ സാധിച്ചിരുന്നില്ല.
തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം 20ന് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാതുകള്‍ അറുത്ത നിലയിലായിരുന്നു. സംഭവദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്.
എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി ആര്‍ ഒ ആയ ലിന്‍സന്‍ അന്വേഷിച്ച് ഫ്‌ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ ചിക്കു റോബര്‍ട്ട് നാലുമാസം ഗര്‍ഭിണിയുമായിരുന്നു. മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചിക്കുവും ഭര്‍ത്താവ് ലിന്‍സനുമായും അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിലെ പുരുഷ ജീവനക്കാരില്‍നിന്നുള്ള വിരലടയാളം ശേഖരിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ലിന്‍സന് നിയമസഹായം കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
