അഭിമന്യുവിന്‍റെ കൊലപാതകം; ഉത്തരം മുട്ടി കൊച്ചി സിറ്റി പൊലീസ് പ്രധാന പ്രതികൾ ഒളിവിൽത്തന്നെ എസ് എഫ് ഐക്കും പരാതിയില്ല

കൊച്ചി: അഭിമന്യു കൊലക്കേസിൽ പത്ത് ദിവസം കഴിഞ്ഞിട്ടും ഇരുട്ടിൽത്തപ്പി കൊച്ചി സിറ്റി പൊലീസ്. പ്രധാനപ്രതികളെയൊന്നും അറസ്റ്റുചെയ്യാൻ ഇതുവരെ അന്വേഷണ സംഘത്തിനായില്ല. അതേസമയം പ്രതികളെ പിടിക്കാത്തതിൽ എസ്എഫ്ഐക്ക് യാതൊരു പരാതിയുമില്ല. 

അഭിമന്യു കൊല്ലപ്പെട്ട ജൂലൈ രണ്ടിന് പുലർച്ചേ മുതൽ കൊച്ചി സിറ്റി പൊലീസ് പറയുന്നത് ഒറ്റകാര്യം. പക്ഷേ ദിവസം പത്തുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. കൊലപാതകവുമായി നേരിട്ട് ബന്ധമുളള മൂന്നു പേരെ മഹാജാസിലെ വിദ്യാർഥികൾ തന്നെയാണ് സംഭവ ദിവസം പിടിച്ച് കൊടുത്തത്. 

അറസ്റ്റിലായ മറ്റു നാലുപേർ പ്രതികളെ രക്ഷപെടാൻ സഹായിച്ചവർ. നീല ഷർട്ടിട്ട കൊലയാളി ആരെന്നുംപോലും പൊലീസിന് ഇപ്പോഴും ഉറപ്പില്ല. ഒന്നാം പ്രതിയായ മഹാരാജാസ് വിദ്യാർഥി മുഹമ്മദ് എവിടെപ്പോയൊളിച്ചെന്ന് ഒരുപിടിയും ഇല്ല. പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ ബംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ ദിവസം ദുബായിലേക്ക് രക്ഷപെട്ടത് മറ്റൊരു പിടിപ്പുകേടായി. 

അന്വേഷണം ഇങ്ങനെ ഇഴഞ്ഞുനീങ്ങുമ്പോഴും എസ്എഫ്ഐക്ക് പൊലീസിനെക്കുറിച്ച് നൂറു നാവാണ്. അടുത്ത ഞായറാഴ്ചക്കകം പ്രധാന പ്രതികളെ പിടികൂടണമെന്നാണ് കൊച്ചി സിറ്റി പൊലീസിന് കിട്ടിയിരിക്കുന്ന അന്ത്യശാസന. മകന്‍റെ ഘാതകരെ പിടികൂടിയില്ലെങ്കിൽ ആത്മഹത്യയെന്ന അഭിമന്യുവിന്‍റെ പിതാവിന്‍റെ മുന്നറിയിപ്പും സർക്കാരിനും പൊലീസിനുമുളള താക്കീതാണ്.