ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനായി മുന്‍ രാജ്യസഭാ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദു യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.പാര്‍ട്ടിയില്‍ ചേരുന്നതിന് സിദ്ദു കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണെന്ന് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍ അവസരം ഉപയോഗിച്ച് സിദ്ദുവുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഭാര്യ നവ്‌ജ്യോത് കൗറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും സിദ്ദു ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ നിബന്ധനവച്ചെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇക്കാര്യങ്ങളില്‍ സമവായമാകാത്തതാണ് എഎപി പ്രവേശനം വൈകുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും സിദ്ദു പാര്‍ട്ടിക്ക് മുന്നില്‍ യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്നും കൂടുതല്‍ സമയം ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

അദേഹത്തിന്റെ ഈ തീരുമാനത്തോട് ബഹുമാനമുണ്ടെന്നും എഎപിയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും അദേഹത്തോടുള്ള ബഹുമാനത്തിന് കുറവുണ്ടാകില്ലെന്നും കേജ്രിവാള്‍ പറഞ്ഞു എഎപിയിലേക്കുള്ള സിദ്ദുവിന്റെ സാധ്യതകള്‍ മങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി കേജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഈ അനിശ്ചിതത്വം ഉപയോഗിക്കാനൊരുങ്ങി കോണ്‍ഗ്രസ് നിക്കം തുടങ്ങി.സിദ്ദുവുമായി ചര്‍ച്ചനടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ പ്രചാരണ രംഗത്ത് അത് മുതല്‍ക്കൂട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.സിദ്ദുവിന് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് വാദ്ഗാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്..