ഇടവക ഭരണ സമിതിയും എറണാകുളം - അങ്കമാലി അതിരൂപതയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത തുടരുന്നതാണ് കാരണം.
തൃശൂര്‍ കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പളളിയ്ക്ക് കീഴിലെ മൂന്ന് കുരിശു പള്ളികളിൽ തിരുകർമങ്ങൾക്ക് വൈദികനെ നിയമിക്കാത്തതിൽ വിശ്വാസികളുടെ പ്രതിഷേധം. കൊരട്ടി പള്ളിയിലെ വിശ്വാസികളും കുരിശുപള്ളികളിലെ വിശ്വാസികളും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. പൊലീസ് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്.
എറണാകുളം - അങ്കമാലി അതിരൂപതയക്ക് കീഴിലെ കട്ടപ്പുറം, വഴിച്ചാൽ, ആറ്റപ്പാടം കുരിശുപള്ളികളിലെ വൈദികരെ അധികൃതര്‍ പിൻവലിച്ചിരുന്നു. ഇടവക ഭരണ സമിതിയും എറണാകുളം - അങ്കമാലി അതിരൂപതയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത തുടരുന്നതാണ് കാരണം. ഇത് ചോദ്യം ചെയ്താണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊരട്ടി സെന്‍റ് മേരീസ് പള്ളിയിൽ കുർബാന കഴിഞ്ഞ ഉടനെ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷം കനത്തപ്പോള്‍ പൊലീസ് ഇടപെട്ട് വിശ്വാസികളെ പിരിച്ചുവിട്ടു. കൊരട്ടി പള്ളിയിലെ കാണിക്ക സ്വർണം വിറ്റതിലെ ക്രമക്കേടിനെ ചൊല്ലി വിശ്വാസികളും രൂപതയും ഏറെനാളായി രണ്ടുതട്ടിലാണ്.
പള്ളിയിലേക്ക് വിശ്വാസികള്‍ നല്‍കിയ സ്വർണ്ണത്തില്‍ ആറരക്കിലോ സ്വർണ്ണം വിറ്റതായും ഇതില്‍ 60 ലക്ഷം രൂപയുടെ കൃത്രിമം നടത്തിയതായും, ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മറ്റിയുടെ റിപ്പോർട്ടില്‍ വിശദമാക്കിയിരുന്നു. ആശുപത്രിയില്‍ മരുന്നു വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ള 82 ലക്ഷം രൂപയ്ക്ക് പുറമേ പള്ളി ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളില്‍ നാലു കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.
എന്നാല്‍ പള്ളിയിലെ പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ പുതിയ കമ്മറ്റിയംഗങ്ങള്‍ തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം-അങ്കമാലി അതിരൂപത പൊലീസില്‍ പരാതി നല്‍കി. ചാലക്കുടി ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നാളെ ഇരുകൂട്ടരുമായും ചർച്ച നടത്തും. അതിരൂപതാ സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, പള്ളി വികാരി ഫാ.ജോസഫ് തെക്കിനിയൻ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
