തിരുവനന്തപുരം: എല്ലാ വകുപ്പുകളിലും മാനദണ്ഡമനുസരിച്ച് പുതിയ തസ്തികകള്‍ ഉണ്ടാക്കുമെന്ന് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ തിരുത്ത്. ആയിരം രൂപക്ക് മുകളിലുള്ള പെന്‍ഷനുകള്‍ കുറക്കില്ല. ആരോഗ്യം വിദ്യാഭ്യാസം ഒഴികെയുള്ള വകുപ്പുകളില്‍ രണ്ട് വര്‍ഷത്തേക്ക് പുതിയ തസ്തിക ഉണ്ടാകില്ലെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ചുരുങ്ങിയ പെന്‍ഷന്‍ ആയിരമാക്കിയെങ്കിലും ആയിരത്തിന് മുകളിലുള്ള പെന്‍ഷനുകള്‍ കുറക്കില്ല.

ഓണത്തിന് ജീവനര്‍ക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുമെന്ന പ്രഖ്യാപനത്തിലും തിരുത്തുണ്ട്. ഒരു മാസത്തെ ക്ഷേമപെന്‍ഷനായിരിക്കും മുന്‍കൂറായി നല്‍കുകയെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തവിട് എണ്ണക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. നികുതി പരിഷ്ക്കരണത്തിലെ പരാതികള്‍ പരിശോധിക്കും. തോട്ടം മേഖലക്ക് പ്രത്യേക പദ്ധതി കൊണ്ടുവരും. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യുവരവ് 84616.85 കോടിയും ചെലവ് 97683.10 കോടിയും കമ്മി-13066 കോടിയുമാണ്.

ബജറ്റ് ചര്‍ച്ചക്കിടെ കഴിഞ്ഞ ദിവസം എം സ്വരാജ് ബൈബിള്‍ ഉദ്ധരിച്ച് നടത്തിയ പരമാര്‍മശം പ്രതിപക്ഷം ഇന്ന് പ്രധാന ആയുധമാക്കി.സഭാരേഖകളില്‍ നിന്നും പരമാര്‍ശം നീക്കണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. ബൈബിള്‍ പരിശോധിച്ച് റൂളിംഗ് നല്‍കാമെന്ന സ്‌പീക്കറുടെ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു.

ബൈബിള്‍ വായിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ അപമാനിക്കാന്‍ ഭരണപക്ഷത്തിന് ഉദ്ദേശമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.സ്വരാജിന്റെ പ്രസംഗം വിശദമായി പരിശോധിക്കാമെന്ന് സ്‌പീക്കര്‍ ഒടുവില്‍ വ്യക്തമാക്കി. മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ. ദാമോദരന്‍ ഹാജരായത് പ്രതിപക്ഷനേതാവ് അടക്കം പ്രതിപക്ഷനിരയിലെ ആരും ചര്‍ച്ചയില്‍ പരാമര്‍ശിച്ചില്ല.

എന്തുകൊണ്ട് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് വൈകീട്ട് ബജറ്റ് ചര്‍ച്ചയില്‍ പറയാമെന്നായിരുന്നു രാവിലെ രമേശ് ചെന്നിത്തല മീഡിയാറൂമിനെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.