ഏതെങ്കിലും രാജ്യക്കാര്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മൊബൈല്‍ വില്‍പന, മെയിന്റനന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ ആറിനു മുമ്പായി അമ്പത് ശതമാനവും സെപ്റ്റംബര്‍ മൂന്നിന് മുമ്പായി നൂറു ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പിലാക്കണം. ഇത് പരിശോധിക്കാന്‍ ജൂണ്‍ ആറു മുതല്‍ മൊബൈല്‍ കടകളില്‍ പരിശോധന ആരംഭിക്കും. ഈ മേഖലയില്‍ ബിനാമി ബിസിനസ് നടത്തുകയോ സ്വദേശീവല്‍ക്കരണം നടപ്പിലാക്കാതിരിക്കുകയോ ചെയ്‌താല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. പത്തോളം മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദേശികളെ പിരിച്ചു വിട്ടു മൊബൈല്‍ ഹോള്‍സെയില്‍, റീട്ടെയില്‍ മേഖലകളില്‍ സൗദി പുരുഷന്മാരെയോ വനിതകളെയോ ജോലിക്ക് വെക്കണം. ഈ മേഖലയില്‍ ജോലി ചെയ്യാനുള്ള പരിശീലനത്തിനായി ഒരു ലക്ഷത്തിലേറെ സ്വദേശികളാണ് മുന്നോട്ടു വന്നിട്ടുള്ളത്.
വനിതകള്‍ ഉള്‍പ്പെടെ ഇരുപതിനായിരം പേര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കി വരുന്നുണ്ട്. പരിശീലനത്തിന്റെ മുഴുവന്‍ ചെലവും ട്രെയിനികള്‍ക്കുള്ള ശമ്പളത്തിന്റെ പകുതിയും മാനവ വിഭവശേഷി ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. മൊബൈല്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യും. ഇതിനു പുറമെ ചെറിയ മൊബൈല്‍ കടകള്‍ നടത്തുന്ന സ്വദേശികള്‍ക്ക് ആവശ്യമാണെങ്കില്‍ മാസത്തില്‍ മുവ്വായിരം റിയാല്‍ വീതം രണ്ടു വര്‍ഷം വരെ സര്‍ക്കാര്‍ ധനസഹായം ചെയ്യും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആയിരക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ജോലിയോ സ്ഥാപനങ്ങളോ നഷ്‌ടപ്പെടും.
