ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം സിബിഎസ്ഇ പിൻവലിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വിദ്യാര്‍ത്ഥികളുടെ താത്പര്യം മുൻനിര്‍ത്തിയാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു. നിലപാട് നാളെ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിക്കും.

ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ ചോദ്യപേപ്പര്‍ ചോര്‍ന്നുെവെന്നതിന് സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കണക്ക് പുന:പരീക്ഷ വേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചത്. കഴിഞ്ഞ മാസം 28ന് നടത്തിയ പരീക്ഷയാണ് ചോദ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ദില്ലിയിലും ഹരിയാനയിലും മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും പുന:പരീക്ഷ നടത്തുകയാണെങ്കിൽ ജൂലൈയിൽ ഇരു സംസ്ഥാനത്തും മാത്രമായി നടത്തും എന്നുമായിരുന്നു കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചിരുന്നത്. ഇക്കാര്യത്തിൽ 15 ദിവസത്തിനകം

തീരുമാനമുണ്ടാകുമെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പുന:പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികൾ സുപ്രീംകോടതിയിലും ദില്ലി ഹൈക്കോടതിയിലും എത്തിയ സാഹചര്യത്തിൽ സിബിഎസ്ഇയുടെ തീരുമാനം നാളെ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ നാളെ സുപ്രീംകോടതിയെ അറിയിക്കും.

17 ലക്ഷം വിദ്യാര്‍ത്ഥികൾക്ക് തീരുമാനം ആശ്വാസമാകും. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പുന:പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം 25ന് നടത്തും. ചോദ്യ ചോര്‍ച്ച കേസിൽ അറസ്റ്റിലായ അധ്യാപകര്‍ ജോലി ചെയ്തിരുന്ന ദില്ലി ഭവാനയിലെ പ്രിൻസിപ്പാളിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്കൂളിലെ 15 സിസിടിവി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. 25 വിദ്യാര്‍ത്ഥികൾക്ക് 60,000 രൂപയ്ക്ക് ചോദ്യപേപ്പര്‍ വിറ്റുവെന്നാണ് അറസ്റ്റിലായി കോച്ചിംഗ് സെന്‍ററിലെ അധ്യാപകന്‍റെ മൊഴി. അതിനിടെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസിൽ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.