Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള ലേലത്തിന് സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ലേലനടപടികൾക്ക് കേരളാ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ നയമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

no stay order from kerala high court against the bid to privatization of  trivandrum international airport
Author
kochi, First Published Feb 25, 2019, 3:19 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായി നടക്കുന്ന ലേലനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൻമേലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. ലേലനടപടികൾക്ക് കോടതി സ്റ്റേ അനുവദിച്ചില്ല. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് കേന്ദ്രസർക്കാരിന്‍റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിർക്കുന്നത് ശരിയല്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

മുപ്പത് വർഷത്തിന് മുകളിൽ വിമാനത്താവളം പാട്ടത്തിന് നൽകണമെങ്കിൽ ലേലത്തിന് മുൻകൂർ അനുമതി വേണമെന്ന് ഹർജിക്കാർ വാദിച്ചു. അൻപത് വർഷത്തേക്കുള്ള പാട്ടമാണെന്നും അതിന് മുൻ‌കൂർ അനുമതി ഉണ്ടായിരുന്നു എന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ലേല നടപടികളുടെ വിശദവിവരങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.

ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടാനുള്ള സാധ്യതയേറി. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ  അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം. 

ടെണ്ടറിൽ സംസ്ഥാനത്തിന് ആദ്യ പരിഗണന നൽകാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദ്ദേശിച്ചത്. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെഎസ്ഐഡിസിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്‍റെ ഇളവ്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനിക്ക് കിട്ടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ലേലം സ്റ്റേ ചെയ്യണമെന്ന ആവശ്യം കൂടി ഹൈക്കോടതി നിരാകരിച്ചതോടെ വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണം  തടയാമെന്ന സംസ്ഥാന സർ‍ക്കാറിന്‍റെ പ്രതീക്ഷകൾ മങ്ങി.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും.

വിഴിഞ്ഞം തുറമുഖ കരാർ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിൻറെ ചുമതല കൂടി കിട്ടുന്നത് അവരുടെ ചരക്ക് നീക്കങ്ങൾക്ക് വലിയ നേട്ടമാകും. ആർക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ എൽഡിഎഫ് ശക്തമായ സമരത്തിലാണ്.

Follow Us:
Download App:
  • android
  • ios