ടയറുകൾ എത്തിച്ചില്ലെങ്കിൽ ഡ്യൂട്ടിക്ക് കേറില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
കോഴിക്കോട്‍: ടയറുകൾ ഇല്ലാത്തതിനാൽ കെഎസ്ആര്‍ടിസി കോഴിക്കോട് സോണിൽ നിന്നും എഴുപത്തി അഞ്ച് സർവ്വീസുകൾ റദ്ദാക്കി. മോശം ടയറുകളുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ ടയറുകൾ എത്തിച്ചില്ലെങ്കിൽ ഡ്യൂട്ടിക്ക് കേറില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
കോഴിക്കോട് നിന്ന് ബംഗലൂരിലേക്ക് പോകേണ്ട ബസ്സാണ് റദ്ദാക്കിയത്. മിക്ക ബസ്സുകളുടെയും ടയറുകൾ പൂർണമായും തേഞ്ഞു തീർന്നിരിക്കുന്നു. കോഴിക്കോട് സോണിൽ ടയറൂരി മാറ്റിയിട്ടുള്ള ഓടിക്കൽ സ്ഥിരം പരിപാടിയെന്ന് ജീവനക്കാർ പറഞ്ഞു. പ്രതിദിനം 10 മുതൽ 15 വരെ ടയറുകൾ സോണിലേക്ക് ആവശ്യം ഉള്ളപ്പോൾ കിട്ടുന്നത് 5, 6 ടയറുകൾ മാത്രം. കഴിഞ്ഞ ദിവസം കുന്നമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത് തേഞ്ഞ് തീർന്ന ടയറുകൾ കാരണമെന്ന് ഡ്രൈവർമാർ പറയുന്നു. 22 അന്തർ സംസ്ഥാന സർവ്വീസുകളെ അടക്കം ടയർ ക്ഷാമം ബാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം അദർ ഡ്യൂട്ടി ഒഴിവാക്കിയതോടെ വെഹിക്കൾ സുപർവൈസർമാരില്ലാത്തതും സ്ഥിതി ഗുരുതരമാക്കി. നിലവിൽ രണ്ട് വെഹിക്കൾ സൂപ്പർവൈസർമാരാണ് ഇവിടെ ഉള്ളത്. നേരത്തെ ആറ് പേരുണ്ടായിരുന്നു. ജീവനക്കാർ പ്രതിഷേധിച്ചതോടെ മോശമായ അവസ്ഥയിലുള്ള ബസ്സ് കൊണ്ട് പോകേണ്ടെന്ന സർക്കുലർ വെഹിക്കിൾ മൊബിലിറ്റി ഓഫീസർ ഇറക്കി. വരുമാനത്തെയും ടയർക്ഷാമം ബാധിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം പരിഹരിച്ചുവരികയാണെന്നാണ് അധികൃതരുടെ വാദം.
