ഹര്‍ത്താലിനെതിരായ പ്രതിഷേധമുന്നേറ്റങ്ങള്‍ ശകതമാക്കുമെന്നും ഹര്‍ത്താല്‍ ദിവസം ഇനി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ചാലയിലെ വ്യാപാരികള്‍ പറഞ്ഞു

തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് പിന്നാലെ തിരുവനന്തപുരം ചാലാ കമ്പോളത്തിലെ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നു. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി അറിയിച്ചു. ഹര്‍ത്താലിനെതിരായ പ്രതിഷേധമുന്നേറ്റങ്ങള്‍ ശകതമാക്കുമെന്നും ഹര്‍ത്താല്‍ ദിവസം ഇനി മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ചാലയിലെ വ്യാപാരികള്‍ പറഞ്ഞു.

ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപാരികളുടെ കൂട്ടായ്മ സര്‍ക്കാറിനെ സമീപിക്കും. ജിഎസ്ടിയും നോട്ട് നിരോധനവും കാരണം നിലവില്‍ കച്ചവടം പകുതിയായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതുകൊണ്ടൊക്കെയാണ് ഹര്‍ത്താലിനെ കമ്പോളത്തിന് പുറത്താക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.