അരവണപ്ലാന്‍റിലോ കൊപ്രാക്കളത്തിലോ യുവതികളെ ഒളിപ്പിച്ചിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ.

സന്നിധാനം: സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ. അരവണ പ്ലാന്‍റിലോ കൊപ്രാക്കളത്തിലോ ഒന്നും ഇവിടെ യുവതികളെ ഒളിപ്പിച്ചിട്ടില്ല. അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡി. സുധീഷ് കുമാർ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ദര്‍ശനത്തിനെത്തിയ ഇരു യുവതികളെയും പൊലീസ് നീലിമല വരെ എത്തിച്ച ശേഷം തിരിച്ചിറക്കിയത്.

മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് സംഘത്തിലെ യുവതികളിൽ ഒരാളായ ഷനില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹര്യമുണ്ടായിട്ടും അത് ചെയ്തില്ല.

ആദ്യം മൂന്ന് പേര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേരെത്തി. ദര്‍ശനത്തിന് പിന്നീട് സാഹചര്യം ഒരുക്കാമെന്നും ഇപ്പോള്‍ തിരിച്ച് പോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷനില പറഞ്ഞു. പൊലീസിന്‍റെ നിര്‍ദേശം ലഭിച്ച ശേഷമാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നട അടയ്ക്കും മുമ്പ് മല കയറണമെന്ന നിലപാടാണുള്ളതെന്നും ഷനില കൂട്ടിച്ചേര്‍ത്തു. 

103 ദിവസങ്ങളിലായി താന്‍ വ്രതം നോൽക്കുകയാണെന്ന് രേഷ്മയും വ്യക്തമാക്കി. ഇനി ദര്‍ശനം നടത്താതിരിക്കാനാകില്ല. ഏതു വിധേനയും ശബരിമല ദര്‍ശനം സാധ്യമാക്കണെന്നാണ് ആഗ്രഹം. മാല അഴിക്കണമെങ്കില്‍ ദര്‍ശനം നടത്താന്‍ സാധിക്കണം. നട അടയ്ക്കും മുമ്പ് കയറണം. സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂടെ വന്ന എല്ലാവരും ഇപ്പോള്‍ ഒപ്പമുണ്ട്. ദര്‍ശനം നടത്താന്‍ അവസരമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ പൊലീസ് അവിടെ നിര്‍ത്തി. ആ സമയം കൊണ്ടാണ് ആളുകള്‍ കൂടിയത്. മുന്നോട്ട് പോയാല്‍ പ്രശ്നമാണെന്നാണ് പൊലീസ് പറഞ്ഞത്. തിരിച്ച് പോകണമെന്ന് പൊലീസ് നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.

മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിന് വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുകയാണെന്നും അറിയിച്ചു. ദര്‍ശനത്തിന് അവസരം ഒരുക്കാമെന്ന ഉറപ്പും പൊലീസ് നല്‍കിയിട്ടില്ല. ഇപ്പോള്‍ തങ്ങള്‍ രണ്ട് പേരും നിരാഹാരം തുടങ്ങിയെന്നും സുരക്ഷിത സ്ഥാനത്താണെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.

കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പതംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്. പുലര്‍ച്ചെ നാലരയോടെയാണ് യുവതികളെ നീലിമലയില്‍ തടഞ്ഞത്. മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്.