എല്ലാ തീർത്ഥാടകർക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്ന വെർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്ത യുവതികളും പിൻമാറുകയാണ്. വരുന്നവരാകട്ടെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച പൊലീസിന്റെ വിശദീകരണം കേൾക്കുമ്പോൾ പിൻമാറുകയും ചെയ്യുന്നു.
പത്തനംതിട്ട: മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ശബരിമല ദർശനത്തിന് സംരക്ഷണം തേടി യുവതികളാരും പൊലീസിനെ സമീപിക്കുന്നില്ല. വെർച്ച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത യുവതികളും പിൻമാറുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യുവതികളും പമ്പയിൽ യാത്ര അവസാനിപ്പിക്കുകയാണ്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് സംരക്ഷണം തേടാനായി പൊലീസ് ഏർപ്പെടുത്തിയ സംവിധാനമാണ് 12890 എന്ന ടോൾ ഫ്രീ നമ്പർ. ദർശനം നടത്താനാഗ്രഹിക്കുന്ന സ്തീകൾക്ക് ഏത് സംസ്ഥാനത്തു നിന്നും ഈ നമ്പറിൽ വിളിച്ച് സംരക്ഷണം തേടാം. ഈ നമ്പറിൽ വിളിച്ച് ആദ്യം സംരക്ഷണം തേടിയത് തൃപ്തി ദേശായിയാണ്. പൊലീസിന് നൽകാനാവുന്നതിലേറെയുള്ള സൗകര്യങ്ങൾ അവശ്യപ്പെട്ട തൃപ്തി ദേശായി പ്രതിഷേധത്തെത്തുടർന്ന് മടങ്ങി.
പിന്നീട് മറ്റൊരു യുവതിയും ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും വൈകാതെ പിന്മാറി. നിലവിൽ ഒരു സ്ത്രീയും ശബരിമല ദർശനത്തിനായി സംരക്ഷണം തേടിയിട്ടില്ലന്ന് പൊലീസ് ചീഫ് കൺട്രോൾ റൂം അറിയിച്ചു. എഡിജിപി അനിൽ കാന്തിന്റെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.
അതേ സമയം എല്ലാ തീർത്ഥാടകർക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്ന വെർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്ത യുവതികളും പിൻമാറുകയാണ്. ആദ്യ ദിനങ്ങളിൽ അഞ്ഞൂറിലേറെ പേർ വെർച്ചൽ ക്യൂവിൽ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു, ഇപ്പോൾ നിത്യേനെ അഞ്ചോ പത്തോ പേർ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്. ഇവരിൽ തന്നെ പലരും വരുന്നുമില്ല. വരുന്നവരാകട്ടെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച പൊലീസിന്റെ വിശദീകരണം കേൾക്കുമ്പോൾ പിൻമാറുകയും ചെയ്യുന്നു.
എന്നാൽ യുവതികളിൽ ആരെങ്കിലും മല ചവിട്ടാൻ സന്നദ്ധരായി എത്തിയാൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന് രൂപം നൽകിയിട്ടുണ്ടെന്നും പക്ഷേ ആരും സന്നദ്ധരായി എത്തുന്നില്ലെന്നും പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുടുംബത്തോടൊപ്പമെത്തുന്ന യുവതികളെല്ലാം തന്നെ പമ്പയിൽ യാത്ര അവസാനിപ്പിക്കുകയാണ്. ഇത്തരത്തിലെത്തുന്ന യുവതികൾക്ക് വിശ്രമിക്കാനായി പമ്പ പൊലീസ് സ്റ്റേഷനിലും ഗാർഡ് റൂമിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
