നോയിഡയിലെ കൂട്ട ബലാത്സംഗക്കേസില്‍ മുന്‍ വൈരാഗ്യം മൂലം താന്‍ കള്ളക്കേസ് കൊടുത്തതാണെന്ന് യുവതി പോലീസിന് കത്തയച്ചു. പീഡനക്കേസ് കൊടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് യുവതി തയാറായിരുന്നില്ല. നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് തന്നെ മൂന്നുപേര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 

നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന ഞെട്ടിക്കുന്ന വര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. നോയിഡ മുതല്‍ അക്ഷര്‍ധാം വരെ കാറില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടന്നായിരുന്നു പരാതി. 

പീഡനത്തിനിരയായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്ന് യുവതി മൊഴി നല്‍കി. പക്ഷെ പോലീസ് നിര്‍ദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്കായി ആശുപത്രിലെത്തിയ യുവതി ആരോടു പറയാതെ അവിടെ നിന്നും മടങ്ങി. വൈദ്യപരിശോധന നടത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുവതി സമ്മതിച്ചില്ല.

കേസന്വേഷിക്കുന്ന നോയിഡ റൂറല്‍ എസ്പി നേരിട്ട് വന്ന് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി തന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കാന്‍ നല്‍കിയുമില്ല. അന്വേഷണവുമായി ഒരുഘട്ടത്തിലും പെണ്‍കുട്ടി സഹകരിച്ചില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പോലീസ് സൂപ്രണ്ടിന് യുവതി കത്ത് നല്‍കിയത്. 

തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും പ്രതികളോട് നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നുമാണ് യുവതി കത്തില്‍ വ്യക്തമാക്കിയത്. കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു. കത്ത് കിട്ടിയെങ്കിലും യുവതി കേസില്‍ നിന്ന് പിന്‍മാറാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.