കത്വ പെണ്‍കുട്ടിയെ അപമാനിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: കത്വയിൽ ബലാൽസംഗത്തിനിരയായ എട്ടുവയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ട മുൻ ബാങ്ക് മാനേജർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് നടപടി. കൊച്ചി പാലാരിവട്ടത്തുളള കൊടാക് മഹീന്ദ്രാ ബാങ്ക് മാനേജരായിരുന്ന വിഷ്ണു നന്ദകുമാർ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേസ്ബുക്കില്‍ കമന്‍റിട്ടത്. 

കത്വയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിക്കെതിരെയായിരുന്നു ഇത്. കമന്‍റ് പിന്‍വലിച്ചെങ്കിലും ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും യുവാവിനെതിരെ കടുത്ത വിമർ‍ശനം ഉയരുകയും ചെയ്തു. ഇയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യുവാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മീഷണറുടെ നിർദേശപ്രകാരം പനങ്ങാട് പൊലീസാണ് ജാമ്യാമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. മതസ്പര്‍ദ്ധ വളർത്തുന്ന രീതിയിലും വ്യക്തിയെ അപമാനിക്കുംവിധം പ്രാചാരണം നടത്തി എന്നുമാണ് കുറ്റം.

വിഷ്ണു നന്ദകുമാർ ജോലി ചെയ്യുന്ന കൊച്ചിയിലെ ബാങ്ക് ശാഖയ്ക്കുമുന്നിൽ കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ യുവാവിനെ ബാങ്കിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജോലിയിലെ മോശം പ്രകടനത്തിന്‍റെ പേരിലാണ് പിരിച്ചുവിടലെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവിന്‍റെ അടുത്ത ബന്ധുവാണ് പ്രതിചേർക്കപ്പെട്ട വിഷ്ണു നന്ദകുമാർ.