കൊച്ചി: ഹർത്താൽ ദിവസം സ്കൂളുകൾ പ്രവർത്തിക്കുന്നതിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി സർക്കാർ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന കൂട്ടായ്മ. ആവശ്യത്തിന് അധ്യായന ദിവസങ്ങളില്ലാത്തത് കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം രാഷ്ട്രീയ കക്ഷികളെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം.

കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് വിവിധ സംഘടനകളുടെ കൂട്ടായ്മ തീരുമാനം അറിയിച്ചത്. വ്യാപാര മേഖലയിൽ നിന്ന് ഉൾപ്പടെ ഹർത്താൽ വിരുദ്ധ നിലപാടുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയും നിലപാടെടുത്തത്.

അൺ എയ്ഡഡ്, എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയുടേതാണ് തീരുമാനം. സർക്കാർ ഇതര വിദ്യാഭ്യാസ മേഖലയിൽ 10,000 അധികം സ്കൂളുകളിലായി 40 ലക്ഷത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. സിലബസ് പ്രകാരമുള്ള അധ്യായനം പൂർത്തിയാക്കാൻ വേണ്ടത് 220 പ്രവർത്തി ദിവസങ്ങളാണ്.

പ്രാദേശികം ഉൾപ്പടെ കഴിഞ്ഞ വർഷം സംസ്ഥാനം നേരിട്ടത് 90 മുതൽ 120 ഹർത്താലുകളാണ്. ഈ രീതിയിൽ അധ്യായനം മുടങ്ങുന്നത് ഇനി തുടരാനാകില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലപാട്. സ്കൂളുകൾ കേന്ദ്രീകരിച്ച് പിടിഎയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

സ്കൂൾ ബസ്സുകൾ ഓടിക്കാൻ മതിയായ സംരക്ഷണം ആവശ്യപ്പെടും. സ്വകാര്യ ബസ് ഉടമകളുമായും ചർച്ച നടത്തും. എന്നാൽ, തീരുമാനം നടപ്പാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് കൂട്ടായ്മക്കും ആശങ്കയുണ്ട്. പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹർത്താൽ നിന്ന് ഒഴിവാക്കാൻ യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കളെ നേരിൽ കണ്ട് ആവശ്യപ്പെടാനും കൂട്ടായ്മ തീരുമാനിച്ചു.

മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിവേദനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ പൂർണ്ണമായി വിജയിപ്പിക്കാനായില്ലെങ്കിലും പടി പടിയായി ഹർത്താൽ ദിവസങ്ങളിലും സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് കൂട്ടായ്മ അറിയിച്ചു.