അമേരിക്കയുമായി തെക്കൻ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ ക്ഷോഭിച്ചാണ് വടക്കൻ കൊറിയയുടെ നീക്കം
സോൾ: കൊറിയൻ മുനമ്പിലെ സമാധന ചർച്ചകളെ അട്ടിമറിച്ച് വടക്കൻ കൊറിയ. തെക്കൻ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കൻ കൊറിയ റദ്ദാക്കി. അമേരിക്കയുമായി തെക്കൻ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തിൽ ക്ഷോഭിച്ചാണ് വടക്കൻ കൊറിയയുടെ നീക്കം. തെക്കൻ കൊറിയയുമായുള്ള സമാധാന ചർച്ചകളും നിർത്തലാക്കുകയാണെന്ന സൂചനയാണ് വടക്കൻ കൊറിയ നൽകുന്നത്...
സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണിതെന്നും വടക്കൻ കൊറിയ കുറ്റപ്പെടുത്തി. ജൂണിൽ നടക്കാനിരിക്കുന്ന ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ചയേയും ഈ സംയുക്ത പരിശീലനം ബാധിക്കുമെന്നും വടക്കൻ കൊറിയ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 27 ന് ഇരുകൊറിയകളും നടത്തിയ ഉച്ചകോടിയിൽ, എഴുപത് വർഷമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നു.കൊറിയൻ മുനമ്പിനെ പൂർണമായും ആണവായുധമുക്തമാക്കാനും തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ ചർച്ചക്കാണ് ഇന്ന് യോഗം ചേരാൻ ഉദ്ദേശിച്ചിരുന്നത്..
