ലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അഭ്യൂഹം. അപകടകാരിയായ വാന്നാ ക്രൈ വൈറസിന്‍റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹം ബലപ്പെടുത്തുന്നത്. ഇതിനിടയില്‍ ഇന്ത്യയില്‍ ബംഗാളിലും വാന്നാ ക്രൈ ആക്രമണം സ്ഥിരീകരിച്ചു.

ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലായി 3ലക്ഷം കന്പ്യൂട്ടറുകളെ ബാധിച്ച വാണാ ക്രൈ ആക്രമണത്തിന് പിന്നില്‍ കൊറിയന്‍ ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസിന്‍റെ വൈബ്സൈറ്റില്‍ ഈ വൈറസിന്‍റെ ചില വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ലസാറസില്‍ കണ്ടത് വാണാക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഒരു പ്രധാന തെളിവാണെന്ന് പ്രമുഖ ആൻറി വൈറസ് നിര്‍മ്മാതാക്കളായ കാസ്പര്‍സ്കീ ചൂണ്ടിക്കാണിക്കുന്നു.

നിരവധി തവണ ഹാക്കിംഗ് നടത്തിയിട്ടുള്ള ലസാറസിന്‍റെ പൂര്‍വകാല ചരിത്രവും ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ബഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ഹാക്കിംഗ് നടത്തി 810 ലക്ഷം ഡോളര്‍ തട്ടിയെടുത്ത ചരിത്രം ലസാറസിനുണ്ട്. അതേസമയം ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനത്തിലെത്തുന്നത് അപക്വമാണെന്ന നിലപാട് ഗൂഗിള്‍ പോലുള്ള ചില കമ്പനികള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം അമേരിക്കയിലേയുംയൂറോപ്പിലേയും സുരക്ഷാ ഏജന്‍സികള്‍ ഉത്തരകൊറിയന്‍ കമ്പനിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്.

ഇതിനിടയില്‍ വൈറസ് ആക്രണണവുമായി ബന്ധപ്പെട്ട യുഎസും റഷ്യയും പരസ്പരം പോരടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് റഷ്യയുടെ നിലപാട്. അതേസമയം വിവിധ ഇടങ്ങളില്‍ വൈറസ് ആക്രമണത്തിന് ഇരയായവരുടെ എണ്ണം കൂടുകയാണ്. ഇന്ത്യയില്‍ കേരളത്തിനും ആന്ധ്രക്കും ഗുജറാത്തിനും പിന്നാലെ ബംഗാളിലും വാണാക്രൈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പിന് കീഴിലുള്ള കന്പ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.