ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു. പഴയ രീതിയിൽ തന്നെ കാര്യങ്ങൾ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു
ശബരിമല: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയിൽ നിരാശയെന്ന് ശബരിമലയിലെ തന്ത്രി കുടുംബം. സുപ്രീംകോടതി വിധിയെ മാനിയ്ക്കുമെന്ന് തന്ത്രി കണ്ഠര് മോഹനരും രാജീവരും വ്യക്തമാക്കി. ഭരണഘടനാബഞ്ചിന്‍റെ വിധിയ്ക്കെതിരെ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങുകയാണ് പന്തളം രാജകുടുംബാംഗങ്ങൾ.
ശബരിമലയിലെ ആചാരങ്ങൾ അയ്യപ്പന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിലൂന്നിയാണെന്ന വാദമാണ് കേസിൽ വാദം നടന്നപ്പോഴൊക്കെ തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും എൻഎസ്എസ്സും പല തവണ ഉന്നയിച്ചത്. എന്നാൽ, ആചാരത്തിന്‍റെ പേരിൽ ഭരണഘടനയുടെ മൗലികാവകാശം ലംഘിയ്ക്കരുതെന്ന നിരീക്ഷണം സുപ്രീംകോടതി ഭരണഘടനാബഞ്ച് ഉയർത്തിപ്പിടിയ്ക്കുന്പോൾ ശബരിമല തന്ത്രി കുടുംബം നിരാശരാണ്.
വിധിയ്ക്കെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് രാജകുടുംബം. വിധിയോട് പ്രതികരിയ്ക്കാനില്ലെന്ന് എൻഎസ്എസ് വ്യക്തമാക്കുമ്പോൾ, അപകടകരമായ വിധിയെന്നാണ് യോഗക്ഷേമസഭയുടെ നിലപാട്. അപ്പീൽ പോയാലും കേസിൽ ഇനി പുനപരിശോധനയ്ക്ക് സാധ്യത കുറവാണെന്നിരിക്കെ, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആചാരം തിരുത്താൻ കടുത്ത വിശ്വാസികൾ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയമാവുക.
