ദോഹ: താന്‍ ഖത്തറില്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന തരത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ അടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പീസ് സ്കൂള്‍ എം ഡിയും ഇസ്ലാമിക പ്രബോധകനുമായ എം.എം അക്ബര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന താന്‍ ഇടയ്‌ക്കിടെ ഇന്ത്യയില്‍ വന്നു പോകാറുണ്ടെന്നും കേരളത്തില്‍ തനിക്കെതിരെ എന്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതതായി അറിയില്ലെന്നും എം.എം അക്ബര്‍ ദോഹയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പീസ് സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് താന്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കേരളത്തെ ഇസ്ലാം ഭീതിയുടെ നിഴലില്‍ നിര്‍ത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും എം.എം അക്ബര്‍ പറഞ്ഞു. ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയതായി പറയപ്പെടുന്ന പെണ്‍കുട്ടി അധ്യാപക ജോലി തേടി തന്റെ കൂടി നേതൃത്വത്തിലുള്ള പീസ് സ്‌കൂളില്‍ അഭിമുഖത്തിന് വന്നത് മാത്രമാണ് തനിക്കും സ്‌കൂളിനും എതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
ഇതേത്തുടര്‍ന്ന് പീസ് സ്‌കൂളില്‍ പോലീസ് റെയ്‌ഡ് നടത്തി നിയമ വിരുദ്ധമായ പല രേഖകളും കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ല. ചില വിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ സ്‌കൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. കേരളത്തിലെ സര്‍ക്കാരും പോലീസും തന്നോട് വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ അവരിലുണ്ടെന്നും എം.എം അക്ബര്‍ പറഞ്ഞു.
താന്‍ നേതൃത്വത്തെ നല്‍കുന്ന സ്ഥാപനങ്ങളില്‍ മുസ്ലിങ്ങള്‍ അല്ലാത്ത നിരവധി പേര്‍ പഠിക്കുകയും ജോലിയെടുക്കുകയും ചെയുന്നുണ്ടെന്നും അവരാരും തന്റെ പേരില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

