വിരമിക്കുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവം നിജസ്ഥിതി അറിയില്ല: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിരമിക്കുന്ന പ്രിൻസിപ്പലിനെതിരെ ആദരാഞ്ജലി പോസ്റ്റർ പതിച്ച സംഭവത്തിൽ നിജസ്ഥിതി അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് . സംഭവത്തെക്കുറിച്ച് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എ.ബി.വി.പിയും, ബി ജെ പി യും പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. എ.ബി.വി.പി കാഞ്ഞങ്ങാട് നെഹ്റു കോളേജിലേയ്ക്ക് മാർച്ച് നടത്തി. പൊലീസ് വലയം ഭേദിക്കുവാൻ പ്രവർത്തകർ നടത്തിയ ശ്രമം നേരിയ സംഘർഷത്തിന് വഴിവച്ചു. കാഞ്ഞങ്ങാട് നഗരത്തിൽ എസ്.എഫ്.ഐ യുടെ പ്രതീക ശവമഞ്ചഘോഷയാത്ര നടത്തിയായിരുന്നു ബി ജെ പി യുടെ പ്രതിഷേധം.
യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ഉച്ചകഴിഞ്ഞ് യോഗം ചേരുന്നുണ്ട്. പ്രിൻസിപ്പലിന്റെ നിലപാട് അറിഞ്ഞ ശേഷം സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
