മുംബൈ: പദ്മാവത് നിരോധിക്കുക, അല്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുക എന്നാവശ്യപ്പെട്ട് ചിറ്റോറില്‍ രജ്പുത് വനിതകള്‍ തെരുവിലിറങ്ങിയതിന് പിന്നാലെ പദ്മാവതിനെ പിന്തുണച്ച് നടി രേണുക ഷഹാനെ. ഫേസ്ബുക്കില്‍ നാല് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഷഹാനെ തന്‍റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. പദ്മാവത് അല്ല നിരോധിക്കേണ്ടത്, പകരം സ്ത്രീ പീഢനവും പെണ്‍ ഭ്രൂണഹത്യയും ലൈംഗികാതിക്രമവുമാണ് തടയേണ്ടതെന്നാണ് ചിത്രത്തിലൂടെ ഷഹാനെ പറയുന്നത്.
ബാന്‍ പദ്മാവത് എന്നെഴുതിയ പ്ലക്കാര്‍ഡജുമായി നില്‍ക്കുന്ന ഒരു കൂട്ടം ആളുകളുടെ ചിത്രം ചുമന്ന മഷി കൊണ്ടു വെട്ടിയതാണ് ഷഹാനെ പങ്കുവച്ച ഒരു ഫോട്ടോ. മറ്റ് മൂന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ബോളിവുഡ് നടിയും ദൂരദര്‍ശനിലെ അവതാരികയുമാണ് രേണുക ഷഹാനെ.
രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് പദ്മാവതിനെതിരെ ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ചിറ്റോര്‍ കോട്ടയില്‍നിന്നാണ് കഴിഞ്ഞ ദിവസം 200ഓളം വനിതകള്‍ റാലി ആരംഭിച്ചത്. വാളുമേന്തിയായിരുന്നു പ്രതിഷേധം.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി.
പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ന് വാര്‍ത്താപ്രാധാന്യം. നേടികൊടുത്തിരുന്നു.
