നോട്ട് പിന്‍വലിക്കല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളെ ബാധിക്കുന്നു. ടെണ്ടറായ പ്രവൃത്തികളുടെ കരാര്‍ ഉറപ്പിക്കാന്‍ കരാറുകാര്‍ക്ക് പണം കെട്ടിവെയ്‌ക്കാന്‍ ആകാത്തതാണ് പ്രശ്‍നം. ഇക്കാര്യത്തില്‍ നടപ്പു രീതിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കരാറുകാര്‍ സര്‍ക്കാരിനെ സമീപിച്ചു.

ടെണ്ടറായ തുകയുടെ അഞ്ചു ശതമാനം ജോലി തുടങ്ങും മുമ്പ് കരാറുകാര്‍ കെട്ടിവയ്‌ക്കണം. ഇതിന്റെ പകുതി ട്രഷറി ഡെപ്പോസിറ്റായാണ് കെട്ടിവയ്‌ക്കേണ്ടത്. എന്നാല്‍ ബാങ്കിങ്ങ് നിയന്ത്രണങ്ങളാല്‍ ഇതു സാധിക്കുന്നില്ല. ബാങ്കിലെ നിക്ഷേപം ട്രഷറി ഡെപ്പോസിറ്റായി മാറ്റാനാവാത്തതിനാലാണിത്. ഇക്കാര്യത്തില്‍ ഇളവ് വേണമെന്നാവശ്യമാണ് കരാറുകാര്‍ സര്‍ക്കാരിനോട് ഉന്നയിക്കുന്നത്. ഗവര്‍മെന്‍റ് കോണ്‍ട്രാക്ടേസ് അസോസിയേഷന്‍ നേതാവ് വര്‍ഗീസ് കണ്ണമ്പള്ളി പൊതുമരാമത്ത് മന്ത്രിക്കും സെക്രട്ടറിക്കും ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കി. പകുതി തുക ബാങ്ക് ഗാരന്‍റിയ ആയോ, കിസാന്‍ വികാസ് പത്രയായോ നല്‍കുന്നതിന് തടസമില്ല. ബാങ്കിങ് നിയന്ത്രണം വന്നതോടെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനും സാമ്പത്തിക ‍‍ഞെരുക്കം തടസമായി. ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂവെന്ന നിയന്ത്രണം വന്നതോടെ കരാറുകാരില്‍ പലരും തൊഴിലാളികളോട് കടം പറയുകയാണ്. നിയന്ത്രണം തുടര്‍ന്നാല്‍ പൊതുമരാമത്ത് കരാര്‍ ജോലികളുടെ മന്ദഗതിയിലാകും. ജനുവരി വരെയുള്ള കുടിശികയാണ് കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തത്. ബില്ലുകള്‍ മാറുന്നതിലെ കാലതാമസവും സര്‍ക്കാര്‍ കരാറകാരെ പ്രതിസന്ധിയിലാക്കുന്നു.