മഴ ശമിച്ച് വെള്ളമിറങ്ങുമ്പോഴും ഇനി മുന്നിലുള്ളത് ആശ്വസിക്കാനുള്ള സമയമല്ല. മഹാപ്രളയത്തേക്കാള്‍ വലിയ മഹാമാരികള്‍ രോഗത്തിന്‍റെയും ക്കെടുതിശേഷിപ്പുകളുടെയും രൂപത്തില്‍ എത്തും


തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ദുരിതപെയ്ത്തില്‍ നിന്ന് അല്‍പം ശമനം സംസ്ഥാനത്ത് വന്നിരിക്കുന്നു. എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഡാമുകളുടെ ഷട്ടറുകള്‍ പതിയെ താഴ്ത്തി തുടങ്ങി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്.

ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് മൂന്ന് ലക്ഷിത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. മഴ ശമിച്ച് വെള്ളമിറങ്ങുമ്പോഴും ഇനി മുന്നിലുള്ളത് ആശ്വസിക്കാനുള്ള സമയമല്ല. മഹാപ്രളയത്തേക്കാള്‍ വലിയ മഹാമാരികള്‍ രോഗത്തിന്‍റെയും ക്കെടുതിശേഷിപ്പുകളുടെയും രൂപത്തില്‍ എത്തും. അത് തടയാന്‍ സര്‍ക്കാരിനൊപ്പം എല്ലാവരും ഒത്തുച്ചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ട് മാത്രമേ സാധിക്കൂ.

ഏറ്റവും ചിട്ടയോടുള്ള പ്രവര്‍ത്തനം നടത്തേണ്ടത് ആരോഗ്യ വകുപ്പാണ്. നിപ്പയെ പിടിച്ചു കെട്ടിയ അതേ ജാഗ്രത ഇക്കാര്യത്തിലും ആരോഗ്യ വകുപ്പ് പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പലവിധ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത വളരെയധികമാണ്. ആരോഗ്യ രംഗത്ത് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

അത് ഓരോ ഗ്രാമത്തില്‍ പോലും ലഭിച്ചിരുന്ന മികച്ച ചികിത്സ സൗകര്യം അടക്കമുള്ളവ നിലനിന്നത് കൊണ്ടാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം സംസ്ഥാനത്തെ പല ആശുപത്രികളും തകര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ മുക്കിലും മൂലയിലും കൃത്യതയോടുള്ള പ്രവര്‍ത്തനമുണ്ടെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ പിടിപ്പെടാതെ മുന്നോട്ട് പോകാന്‍ സാധിക്കൂ.

ആലുവയില്‍ ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിക്കുന്നതായുള്ള വ്യാജ വാര്‍ത്ത പോലും സൃഷ്ടിക്കപ്പെട്ടത് ഇതിനുള്ള സാധ്യത മുന്നില്‍ കണ്ടാണ്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ചിലര്‍ ആളുകളെ പേടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പ്രചാരണം നടത്തിയതെന്നുറപ്പ്. ഒന്നു മുതല്‍ നാലോ അഞ്ചോ ദിവസം വരെ വെള്ളത്തില്‍ മരണത്തോട് മല്ലിട്ടായിരിക്കും പലരും തിരിച്ചെത്തിയിരിക്കുന്നത്.

ഇത് ശാരീരികമായി അവരെ വളരെയധികം തളര്‍ത്തും. ഇത് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ആയിരം പേരിലധികം കഴിയുന്ന ദുരിതാശ്വാസ ക്യാമ്പകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ നിന്ന് പല അവസ്ഥകളില്‍ വന്നവരാണവര്‍. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകള്‍ കണ്ട് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

ആരോഗ്യ മന്ത്രി കെ.കെ. ശെെലജയ്ക്കെതികെ പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. അത്യാവശ്യ കാര്യത്തിന് വിളിച്ചിട്ട് പോലും മന്ത്രി ഫോണ്‍ എടുത്തില്ലെന്നായിരുന്നു. ആക്ഷേപം. പറവൂരിലേക്ക് ആവശ്യ മരുന്നുകള്‍ എത്തിക്കുന്നത് സംബന്ധിച്ചാണ് എംഎല്‍എ മന്ത്രിയെ വിളിച്ചത്. എന്നാല്‍, ഈ ആരോപണങ്ങള്‍ എല്ലാം ആരോഗ്യ മന്ത്രി തള്ളിയിട്ടുണ്ട്.

ഇവിടെയുള്ളവര്‍ മതിയാകാത്തതിനാല്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മെഡിക്കല്‍ ടീമിനെ വരുത്തുമെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം കൂടെ പ്രയോജനപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ശെെലജ പറഞ്ഞു. കൂടാതെ, വെള്ളം ഇറങ്ങുന്ന സമയത്ത് പൊതുസ്ഥലങ്ങളും വീടും പരിസരങ്ങളുമെല്ലാം ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനും ആരോഗ്യ വകുപ്പാണ് മുന്നൊരുക്കം നടത്തേണ്ടത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ഉത്തതല വകുപ്പ് യോഗം നടത്തി ഇക്കരാര്യങ്ങളില്‍ തീരുമാനം എടുത്തിരുന്നു.