ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പാക്കാനുള്ള കാസര്‍കോട്ടെ വ്യവസായിയുടെ ശ്രമത്തിന് പച്ചക്കൊടി കാട്ടാതെ സിപിഎം. കോടതിയില്‍ അടച്ചു തീര്‍ത്ത 
രണ്ട് മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി കഴിഞ്ഞ ദിവസം പരാതിക്കാരനായ മര്‍സൂഖിയെ കണ്ടിരുന്നു

ബിനോയി കോടിയേരിക്ക് കോടതിയില്‍ അടക്കാനുള്ള 1.75 കോടി രൂപ നല്‍കാമെന്നേറ്റ് കാസര്‍ഗോഡ്കാരനായ ഗള്‍ഫ് വ്യവസായി രംഗതെത്തിയെങ്കിലും തല്‍കാലം വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ വ്യവസായിയില്‍ നിന്ന് സഹായം സ്വീകരിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. സിപിഎം സംസ്ഥാന സമ്മേളനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ വിഷയം ഏറ്റുപിടിയ്ക്കുമെന്ന വിലയിരുത്തലും, സഹായം തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന നിലപാട് എടുക്കാന്‍ കാരണമായി. അതേസമയം അനുകൂല നീക്കമുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും കാശ് നല്‍കാന്‍ തയ്യാറാണെന്ന് കാസര്‍ഗോഡ്കാരനായ വ്യവസായി അറിയിച്ചതായാണ് വിവരം. 

ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കി യാത്രാവിലക്ക് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിനോയി കോടിയേരി പരാതിക്കാരനായ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായി ചര്‍ച്ച നടത്തി. മൂന്നു മില്യണ്‍ ദിര്‍ഹത്തിന്റെ പരാതിയില്‍, നേരത്തേ കോടതിയില്‍ അടച്ചു തീര്‍ത്ത രണ്ടു മില്യണിന്റെ ചെക്ക് തിരികെ നല്‍കണമെന്ന് ബിനോയി ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഈ ചെക്കില്‍ ഇയാള്‍ വീണ്ടും സിവില്‍ കേസ് നല്‍കുമോയെന്നതാണ് ബിനോയിയെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത്. അതേസമയം നിലവിലുള്ള സിവില്‍ കേസ് ഒരു മില്യണിന്റേതാണെങ്കിലും ഏഴുലക്ഷം ദിര്‍ഹം മാത്രമേ കൊടുത്തുതീര്‍ക്കാനുള്ളുവെന്നാണ് ബിനോയിയുടെ പറയുന്നത്. എന്നാല്‍ ഒരു മില്യണ്‍ ദിര്‍ഹം മുഴുവനായി കിട്ടണമെന്ന നിലപാടിലാണ് യുഎഇ പൗരന്‍. രാഹുല്‍കൃഷ്ണയാണ് ഇപ്പോഴത്തെ സമവായ ചര്‍ച്ചകള്‍ക്ക് തടസ്സം നില്‍ക്കുന്നതെന്ന അഭിപ്രായവും ബിനോയിക്കുണ്ട്. വഴിവിട്ട ഇടപാടുകളിലൂടെ മര്‍സൂഖിയില്‍ നിന്ന് രാകുല്‍ കോടികള്‍കൈക്കലാക്കിയിരുന്നു. ഇതില്‍ ആവുന്നത്ര തുക ബിനോയിയില്‍ നിന്ന് വാങ്ങിയെടുക്കാനുള്ള നീക്കമാണ് രാഹുലിന്‍റേതെന്നാണ് ബിനോയിയുമായി അടുത്ത വൃത്തങ്ങള്‍ കരുതുന്നത്.