കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പ്രമേയം പാസാക്കി എൻ എസ് എസ്. ഈശ്വര വിശ്വാസത്തിനെതിരായ വനിത മതിൽ അംഗീകരിക്കാനാവില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു.  ആചാരങ്ങളെ തകർക്കാൻ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

മന്നത്ത് പത്മനാഭന്റെ 142 ആം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ച് എൻഎസ്എസ് പ്രമേയം പാസാക്കിയത് . എൻ എസ് എസ്സിന്റെ സമദൂര നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്ക് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗത പ്രസംഗത്തിൽ മറുപടി നൽകി . ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ  പോയിട്ടില്ലെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്.

മുഖ്യമന്ത്രി വനിതാ മതിലിലൂടെ ചെകുത്താന്റെ നാടാക്കി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ നിരവധി തവണ മലക്കം മറിഞ്ഞ സർക്കാരിനാണ് ഇരട്ടത്താപ്പ് .  എൻ എസ് എസ്സിന് രാഷ്ട്രീയമില്ല . സർക്കാർ ശ്രമങ്ങളെ ഗാന്ധിയൻ മാർഗത്തിലൂടെ നേരിടും . ആചാരവും നവോത്ഥാനവും തമ്മിൽ ബന്ധമില്ല. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ പഠിക്കുന്നതെന്നും ജി സുകുമാരൻ നായർ വിമർശിച്ചു . എൻ എസ് എസ് ആസ്ഥാനത്തെ മന്നം ജയന്തി ആഘോഷങ്ങൾ നാളെ സമാപിക്കും