ചേർത്തല പള്ളിപ്പുറത്ത് 801ാം കരയോഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനു മുന്നിലെ കൊടിമരം നശിപ്പിച്ചു. 

ആലപ്പുഴ: ആലപ്പുഴയില്‍ എൻഎസ്എസ് ഓഫീസിന് നേരെ ആക്രമണം. ചേർത്തല പള്ളിപ്പുറത്ത് 801ാം കരയോഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനു മുന്നിലെ കൊടിമരം നശിപ്പിച്ചു. നേരത്തെയും എന്‍എസ്എസിന്‍റെ സംസ്ഥാനത്തെ വിവിധ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൊല്ലത്ത് കൊട്ടാരക്കരയില്‍ പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെ ആക്രമണം ഉണ്ടാകുകയും കൊടിമരം തകര്‍ക്കുകയും ചെയ്തിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിരുന്നു.

നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എന്‍എസ്എസ് ഓഫീസിന്‍റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്.