മുംബൈ: നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് മുംബൈയില്‍ വീണ്ടും കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. വിദേശത്ത് നഴ്‌സ് ജോലി വാഗ്ദാനം ചെയ്താണ് നൂറോളം മലയാളികളെ കബളിപ്പിച്ചത്. മൂന്ന് ലക്ഷം വീതമാണ് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍നിന്നും വാങ്ങിയത്. ഉദ്യോഗാര്‍ത്ഥികള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി 

വിദേശത്ത് മികച്ച ശമ്പളത്തില്‍ സ്റ്റാഫ് നഴ്‌സ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട 120 പേരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള യുവതീയുവാക്കളാണ്. ഫിന്‍ലാന്റിലേക്ക് വന്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ടാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ അപേക്ഷിച്ചത്. ഇവരെ കഴിഞ്ഞ ഏപ്രിലില്‍ മുംബൈ ഖാര്‍വെസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഹീലിയസ് ടൂര്‌സ് ആന്റ് ട്രാവല്‍സ് അഭിമുഖത്തിന് വിളിച്ചു. തിരഞ്ഞെടുത്തവരില്‍ നിന്ന് മൂന്ന് ലക്ഷംവീതം ഇവര്‍ കൈപറ്റി. ഇതിനുശേഷം ഏജന്റ് രാഹുല്‍ പട്ടേല്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോയി. ഒരാഴ്ചയായി ഏജന്‍സി തുറക്കുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലും ഈ കമ്പനി വ്യാജമാണെന്നാണ് മനസിലാക്കാനായത്. ഉദ്യോഗാര്‍ത്ഥികള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്.