ജല്ലിക്കട്ട് പ്രക്ഷോഭം; പൊലീസ് നടപടിയെ ന്യായീകരിച്ച് പനീർശെൽവം
ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർശെൽവം രംഗത്തെത്തി. ജല്ലിക്കട്ട് പ്രക്ഷോഭത്തിൽ സാമൂഹ്യവിരുദ്ധശക്തികൾ നുഴഞ്ഞുകയറിയിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർശെൽവം നിയമസഭയിൽ പറഞ്ഞു.
ഒസാമ ബിൻലാദന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി സമരത്തിന് ചിലരെത്തി. വിദ്യാർഥികളുമായി പൊലീസ് ചർച്ച നടത്തിയിട്ടും സമരം അവസാനിപ്പിയ്ക്കാതിരുന്നതിനെത്തുടർന്നാണ് നടപടിയെടുത്തതെന്നും ഒ പനീർശെൽവം വ്യക്തമാക്കി.
പനീർശെൽവത്തിന്റെ പ്രസ്താവന വിദ്യാർഥികളെ അപമാനിയ്ക്കുന്നതാണെന്നും ഇത് പിൻവലിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിഎംകെ നിയമസഭയിൽ നിന്നിറങ്ങിപ്പോയി.