സിറിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കില്ല എന്ന നിലപാട് തിരുത്തിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ 250 സൈനികരെ കൂടി അയക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ നേടിയ മേല്‍ക്കെ നിലനിര്‍ത്താനാണ് കൂടുതല്‍ പട്ടാളക്കാരെ അയക്കുന്നതെന്നാണ് വിശദീകരണം. പ്രത്യേക പരിശീലനം നേടിയ 50 പേരടക്കം 250 സൈനികരാണ് സിറിയയിലേക്ക് പോകുകയെന്ന് ഒബാമ വ്യക്തമാക്കി.
ജര്‍മനിയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ്, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സിറിയയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യം അറിയിച്ചത്. കുര്‍ദിഷ്, അറബ് വിമതരുമായി ചേര്‍ന്ന് അമേരിക്ക ഐഎസിനെതിരെ പോരാട്ടം ശക്തമാക്കി. ജര്‍മനിയില്‍ ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ നേതാക്കളുമായും ഒബാമ കൂടിക്കാഴ്ച നടത്തി. ഐഎസ് ഭീകരര്‍ക്ക് എതിരെ നാറ്റോ നടത്തുന്ന ആക്രമണം ഫലപ്രദമാണെന്ന് നേതാക്കള്‍ വിലയിരുത്തി.
ഇതിനിടെ സിറിയന്‍ നഗരമായ അലപ്പോയില്‍ അല്‍ ഖൗയ്ദ ബന്ധമുള്ള അല്‍ നുസ്‌റ ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 86 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന് സമീപ പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണം നടക്കുന്നതായി സന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസത്തിനിടെ ഉണ്ടായ ആക്രമണങ്ങള്‍ കുറഞ്ഞത് 60 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറിയയിലെ മനുഷ്യാവാകാശ പ്രവര്‍ത്തകരുടെ സംഘടന അറിയിച്ചു.
