കുടുംബത്തിലെ ഒരു ചടങ്ങിനായുള്ള ക്ഷണക്കത്തിലാണ് യുവാവ് പേരിന്‍റെ കൂടെ സിംഹ് എന്ന് കൂടി ചേര്‍ത്തത്

അഹമ്മദാബാദ്: പേരിന്‍റെ കൂടെ 'സിംഹ്' ചേര്‍ത്തതിന് ഗുജറാത്തില്‍ ഒബിസി യുവാവിനെക്കൊണ്ട് മീശ വടിപ്പിച്ചു. മേയ് 27 ന് വൈകിട്ട് രജപുത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് മീശവടിപ്പിക്കുകയുമായിരുന്നന്ന് രഞ്ജിത്ത് താക്കൂര്‍ (23) പറഞ്ഞു. കുടുംബത്തിലെ ഒരു ചടങ്ങിനായുള്ള ക്ഷണക്കത്തിലാണ് യുവാവ് പേരിന്‍റെ കൂടെ സിംഹ് എന്ന് കൂടി ചേര്‍ത്തത്.

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവ് ഒരു കൂട്ടം ആള്‍ക്കാരോട് ക്ഷമചോദിക്കുന്നതായും പിന്നീട് മീശ വടിക്കുന്നതായും വീഡിയോയിലുണ്ട്. ക്ഷണക്കത്തുകളൊക്കെ പിന്‍വലിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ആവശ്യപ്പെടുന്നുമുണ്ട്.ജൂണ്‍ മൂന്നിന് നടക്കുന്ന പരിപാടിക്കുള്ള ക്ഷണക്കത്തില്‍ രഞ്ജിത്ത് സിംഹ് എന്നെഴുതിയതിന് രജപുത്ത് വിഭാഗത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി രഞ്ജിത്ത് താക്കൂറിന്‍റെ സഹോദരന്‍ പറഞ്ഞു.

യുവാവിനെക്കൊണ്ട് മീശ വടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതോടെ ഗോധാ ഗ്രാമത്തില്‍ നിന്നും പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത പ്രതികള്‍ക്കുമേല്‍ പൊലീസ് എഫ്ഐആര്‍ ചുമത്തി.