മുംബൈ: മുംബൈയിലെ ബീച്ചുകള്‍ വരുന്ന ഒരാഴ്ചത്തേക്ക് സന്ദര്‍ശിക്കുക അസാധ്യമാകും. കാരണം മറ്റൊന്നല്ല, ഓഖി ചുഴലിക്കാറ്റിനെ തുര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കടല്‍ തീരത്തെത്തിച്ചത് 80000 കിലോ ഗ്രാം മാലിന്യം. ചൊവ്വാഴ്ച രാത്രിയോടെയും ബുധനാഴ്ച പകോലെടെയുമാണ് ഇത്രയും മാലിന്യം മുംബൈയിലെ വിവിധ തീരങ്ങളില്‍ അടിഞ്ഞത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമടക്കം കരയിലുള്ളവര്‍ നിക്ഷേപിക്കുന്നതെല്ലാം കടല്‍ തിരിച്ച് തീരത്തെത്തിക്കുകയായിരുന്നു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഘനമാലിന്യ സംസ്‌കരണ വിഭാഗമാണ് (എസ് ഡബ്ലു എം) 80000 കിലോഗ്രാം (80 ടണ്‍) മാലിന്യം തീരത്തടിഞ്ഞെന്ന കണക്ക് പുറത്തുവിട്ടത്. മാലിന്യം നീക്കം ചെയ്യാന്‍ എല്ലാ വാര്‍ഡ് അധികാരികളെയും അറിയിച്ചുണ്ടെന്ന് എസ് ഡബ്ലു എം അറിയിച്ചു.
ഇതുവരെ വിവിധ തീരങ്ങളില്‍നിന്നായി 26 ട്രക്ക് മാലിന്യം ശേഖരിച്ചു കഴിഞ്ഞു. ഇത് അടുത്ത നാല് ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെര്‍സോവ, ജുഹൂ ബീച്ചുകളിലാണ് മാലിന്യം കൂടുതലായി അടിഞ്ഞിരിക്കുന്നത്. ഇരു തീരങ്ങളിലുമായി 25000 കിലോ ഗ്രാം മാലിന്യമാണ് കടല്‍ കരക്കെത്തിച്ചത്. ദാദര്‍ ചൗപട്ടി, മറൈന്‍ ഡ്രൈവ്, നരിമാന്‍ പോയിന്റ്, മധ് ഐലന്റ് എന്നിവിടങ്ങളും മാലിന്യ കൂമ്പാരമായി. ചില ഇടങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ രണ്ടടിയോളം കുമിഞ്ഞുകൂടിയിട്ടുമുണ്ട്.
