ഒഡീഷ: ഒഡീഷയിൽ വിദ്യാർഥിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചതിന് വനിത അധ്യാപികയ്ക്ക് സസ്പെൻഷൻ. വിദ്യാർത്ഥിനിയെ കൊണ്ട് അധ്യാപിക തന്‍റെ തല മസാജ് ചെയ്യിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് സ്കൂള്‍​ അധികൃതർ നടപടിയെടുത്തത്​. സാമ്പൽപൂർ വിദ്യാഭ്യാസ ജില്ലയിലെ സിക്രിദി പ്രൊജക്​ട്​ അപ്പർ പ്രൈമറി സ്​കൂൾ അധ്യാപിക ഭാരതി മെഹർ ആണ്​ സസ്​പെൻഷനിലായത്​.

സസ്​പെൻഷൻ ജില്ലാ വിദ്യാഭ്യാസ ഒാഫീസർ പ്രമോദ്​ പണ്ഡ സ്​ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയി​ൽപെട്ട ഉടനെ നടപടിയെടുത്തതായി ഒാഫീസർ പറഞ്ഞു. സ്കൂളി​ന്‍റെ പ്രധാന അധ്യാപികയുടെ ചുമതലയുള്ള മെഹർ കുട്ടിയെ കൊണ്ട്​ തല മസാജ് ചെയ്യിപ്പിച്ചതായി സമ്മതിച്ചു. എന്നാൽ സംഭവം രണ്ട്​ വർഷം മുമ്പാണെന്നും താൻ ഒാഫീസ്​ മുറിയിൽ ഇരിക്കു​മ്പോഴായിരുന്നു ഇതെന്നും അധ്യാപിക പറയുന്നു.

കടു​ത്ത തലവേദന കാരണം ഒാഫീസ്​ മുറിയിൽ വന്ന്​ ഇരിക്കുകയായിരുന്നു. ഇൗ സമയം എട്ടാം ക്ലാസിലെ പെൺകുട്ടി തന്നെ ക്ലാസിലേക്ക്​ വിളിക്കാൻ വന്നു. ത​ന്‍റെ അവസ്​ഥ കണ്ടപ്പോൾ എന്താണ്​ പ്രശ്​നമെന്ന്​ പെൺകുട്ടി ചോദിച്ചു. തലവേദനയെക്കുറിച്ച്​ പറഞ്ഞപ്പോൾ അവൾ സ്വന്തം നിലക്കാണ്​ തല തടവി തന്നതെന്നും അധ്യാപിക പറയുന്നു. പെൺകുട്ടി ഇതിനകം സ്​കൂളിൽ നിന്ന്​ പഠനം പൂർത്തിയാക്കി പോയിട്ടുണ്ട്​.