റൂര്‍ക്കല: വീട് നിര്‍മിച്ച് നല്‍കണമെന്നുള്ള നിരന്തരമായ അഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ന്ന് കക്കൂസ് വീടാക്കി മാറ്റി മധ്യവയസ്കന്‍. ഒഡീഷയിലെ ജലത ഗ്രാമത്തില്‍ നിന്നാണ് ഈ ദുരിത കാഴ്ച. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി ചോട്ടു റോട്ടിയയാണ് ടോയ്ലറ്റില്‍ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ വീട് നിര്‍മിക്കുന്നതിന് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ചോട്ടു റോട്ടിയ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിന്ന് അനുവദിച്ച് കിട്ടിയ കക്കൂസില്‍ താമസമാക്കിയത്.
അമ്പത് വയസ് പ്രായമുള്ള ചോട്ടു റോട്ടിയയുടെ മാതാപിതാക്കളുടെ വീട് 1955ല്‍ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റ് നിര്‍മാണ സമയത്ത് നഷ്ടമായതാണ്. പുനരധിവാസത്തിന്റെ ഭാഗമായി അന്ന് അനുവദിച്ച് കിട്ടിയ വീട്ടിലായിരുന്നു ചോട്ടു റോട്ടിയ താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പ് ചോട്ടുവിന്റെ മാതാപിതാക്കള്‍ മരിച്ചു. എന്നാല്‍ തനിക്ക് ലഭിക്കുന്ന കുറഞ്ഞ വേതനത്തില്‍ വീടിന്റെ അറ്റകുറ്റ പണികള്‍ പോലും നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ചോട്ടു പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയത്.
വീട് അനുവദിച്ച് നല്‍കാനായി നിരവധി തവണ ബന്ധപ്പെട്ട ഓഫീസുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചോട്ടുവിന് കക്കൂസ് അനുവദിച്ച് കിട്ടുകയും ചെയ്തു. പുറത്തെ കാലാവസ്ഥ നല്ലതാണെങ്കില്‍ പുറത്ത് കിടന്നുറങ്ങുമെന്നും അല്ലാത്തപ്പോള്‍ കക്കൂസില്‍ കഴിച്ച് കൂട്ടുമെന്നും ചോട്ടു റോട്ടിയ പറയുന്നു. നാലടി വീതിയുള്ള കക്കൂസിലുള്ള തന്റെ ദുരിതജീവിതത്തിന് മാറ്റം വരുമെന്ന പ്രതീക്ഷ ചോട്ടു കൈവിട്ടിട്ടില്ല.
