ഉല്‍പാദനം കഴിഞ്ഞ ജനുവരിയിലേതിനു സമാനമായി നിയന്ത്രിക്കണമെന്ന നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജൂണില്‍ വീണ്ടും യോഗം ചേരുമെന്ന് ഒപെക് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും ഖത്തറും റഷ്യയും സൗദി അറേബ്യയും ഉള്‍പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം എല്ലാ അംഗങ്ങളെക്കൊണ്ടും അംഗീകരിപ്പിക്കുക എളുപ്പമാവില്ലെന്ന് തന്നെയാണ് സൂചന. ഉല്‍പാദനം കുറക്കുന്നതിനു പകരം ഉപരോധത്തെ തുടര്‍ന്നുണ്ടായ നഷ്‌ടം പരിഹരിക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന ഇറാന്റെ കടുത്ത നിലപാട് തന്നെയായിരിക്കും തുടര്‍ന്നും നിര്‍ണായകമാവുക.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടുത്ത യോഗത്തിനു മുമ്പായി എണ്ണയുല്‍പാദക രാജ്യങ്ങള്‍ കമ്പോളത്തിലെ എണ്ണ വില വിശദമായി അവലോകനം ചെയ്യുമെന്നും ഉല്‍പാദനം മരവിപ്പിക്കാനുള്ള സാധ്യതകള്‍ കൂടി പരിഗണിക്കുമെന്നും ഒപെക് അധ്യക്ഷന്‍ വ്യക്തമാക്കിയത്. ഒപെക് - ഒപെക് ഇതര രാജ്യങ്ങളുമായി ആദ്യം ഈ വിഷയത്തില്‍ ധാരണയിലെത്തിയ ശേഷം കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ദോഹ ഉച്ചകോടി തീരുമാനമാകാതെ പിരിഞ്ഞതിനു തൊട്ടുപിന്നാലെ എണ്ണ വില വീണ്ടും താഴേക്കു പോയത് മേഖലയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.