കുവൈത്തില്‍ കഴിഞ്ഞ 3 ദിവസമായി തുടരുന്ന എണ്ണ കമ്പനി തൊഴിലാളികളുടെ പണിമുടക്ക് അവസാനിപ്പിച്ചു. അമീര്‍ ഷേയ്ക്ക് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍സബയോടുള്ള ബഹുമാനാര്‍ത്ഥമാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഓയില്‍ പെട്രോകെമിക്കല്‍ തൊഴിലാളി കോണ്‍ഫഡറേഷന്‍ അറിയിച്ചു. പണിമുടക്ക് പിന്‍വലിച്ച തൊഴിലാളികള്‍ തൊഴിലാളികള്‍ ഇന്ന് ജോലിക്ക് ഹാജരായി.
എണ്ണ വിലത്തകര്‍ച്ചയെ തുടര്‍ന്ന്, ശമ്പളവും ആനുകൂല്ല്യങ്ങളും വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ട്രേയ്ഡ് യൂണിയനുകളുടെ നേത്യത്വത്തില്‍ ഞായറാഴ്ച മുതലാണ് പണിമുക്ക് ആരംഭിച്ചത്.
പണിമുടക്ക് രാജ്യത്തെ ഉത്പാദന പ്രക്രിയയെത്തന്നെബാധിക്കും എന്നത് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതായി ഓയില്‍ പെട്രോകെമിക്കല്‍ തൊഴിലാളി കോണ്‍ഫഡറേഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പണിമുടക്കിനെ തുടര്‍ന്ന് എണ്ണ ഉല്‍പാദനം പകുതി കണ്ട് കുറഞ്ഞിരുന്നു. പണിമുടക്ക് ദിവസങ്ങളില്‍ എണ്ണ ഉല്‍പാദനം 1.5 ദശലക്ഷം ബാരലായിരുന്നു. മൂന്ന് ദിവസം കൊണ്ട് എണ്ണ ഉല്‍പാദനം പഴയ നിലയില്‍ അതായത് 3 ദശലക്ഷം ബാരലാകുമെന്ന് കുവൈത്ത് ഓയില്‍ കോര്‍പ്പറേഷന്‍ വക്താവ് ഷേഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബ അറിയിച്ചു.
