ബംഗളുരുവില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന അവേത തമ്പാട്ടി ഈ സാഹചര്യം മുന്നില്‍വന്നപ്പോള്‍ ആദ്യം ആ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. രാത്രി യാത്രക്കിടെകൊച്ചിയില്‍ തനിക്കുണ്ടായ അനുഭവം അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍, ഉറങ്ങാതെ മണിക്കൂറുകേളാളം ഫേസ്ബുക്കിലെ കൂട്ടുകാര്‍ അവര്‍ക്കൊപ്പം നിന്നു. #womensafetyinkerala എന്ന ഹാഷ് ടാഗിലാണ് പോസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ലുലു മാളില്‍നിന്നു പനമ്പള്ളിനഗറിലേക്കു പോകുമ്പോഴാണ് ഓല ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയത്. യാത്രാ നിരക്ക് കാശായി നല്‍കണമെന്ന് വിനു എന്ന ഡ്രൈവര്‍ ഇവരോട് ആവശ്യപ്പട്ടു. ടാക്‌സികളില്‍ യാത്ര ചെയ്യുന്നതിനായി ഓല ഏര്‍പ്പെടുത്തിയ മണി വാലറ്റില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും, തന്റെ കൈയില്‍ കറന്‍സി ഇല്ലെന്നും പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അസഭ്യവര്‍ഷം തുടങ്ങി. പണം വാലറ്റ് വഴി നല്‍കാമെന്ന് പറഞ്ഞിട്ടും തെറിവിളി തുടര്‍ന്നപ്പോള്‍ അവേത ശബ്ദമുയര്‍ത്തി സംസാരിച്ചു. ഇതോടെ രോഷാകുലനായ ഇയാള്‍ തന്റെ കരണത്തടിച്ചതായാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 

പത്ത് മണിയോടടുത്ത് ഈ പോസ്റ്റ് വന്നതോടെ അത് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ടാക്‌സിക്കുള്ളിലുള്ള യുവതിയുടെ സുരക്ഷയെച്ചൊല്ലി സുഹൃത്തുക്കളും അല്ലാത്തവരുമായ നിരവധിപേര്‍ ആശങ്കപ്പെട്ട് കമന്റുകളിട്ടു. നൂറിലേറെ പേര്‍ കമന്റുകളിട്ടു. 85 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. നിരവധി പേര്‍ പൊലീസിനെ ടാഗ് ചെയ്തു. ഒരാള്‍ അപ്പോള്‍ത്തന്നെ ഓല കാബിനെ വിവരമറിയിച്ചു. ഡ്രൈവറെ സ്‌സ്‌പെന്റ് ചെയ്‌തെന്നും സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്നും ഓല അറിയിച്ചു. പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പലരും കമന്റായിട്ടു. താന്‍ പൊലീസുമായി ബന്ധപ്പെടുകയാണെന്ന് ഇതിനിടെ അവേത അറിയിച്ചു. എവിടെ എന്നു പറഞ്ഞാല്‍ ഏതു രാത്രിയായാലും തങ്ങള്‍ എത്താമെന്നു പറഞ്ഞ് നിരവധി സ്ത്രീകളും കമന്റിട്ടു. 

ഇതിനുശേഷമുള്ള കാര്യങ്ങളെ കുറിച്ച് യുവതി ഇതുവരെ പ്രതികരിച്ചിട്ടില്ല.