മലപ്പുറം വളാഞ്ചേരിയില്‍ കൂടോത്രം ചെയ്തെന്നാരോപിച്ച് വൃദ്ധദമ്പതികളെ അയല്‍വാസികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൈങ്കണ്ണൂര്‍ സ്വദേശികളായ അലവിയുടേയും ഭാര്യ ആമിനയുടേയും പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കുടുംബ ജീവിതം തകര്‍ക്കാന്‍ വേണ്ടി കൂടോത്രം ചെയ്തെന്നാരോപിച്ച് അയല്‍വാസിയും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അലവിയുടേയും ഭാര്യ ആമിനയുടേയും പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്ക് മത്സ്യം വാങ്ങി വരുന്ന വഴി അലവിയെ മര്‍ദ്ദിച്ചെന്നും ബഹളം കേട്ട് തടയാനെത്തിയപ്പോല്‍ ആമിനയേയും മര്‍ദ്ദിച്ചെന്നുമാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപെടുത്തിയെന്നും അലവിയും ആമിനയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അലവിയും ഭാര്യയും കൂടി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അയല്‍വാസികളുടെ പരാതി. ഇവരും ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇരു പരാതികളിലും വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.