ചെന്നൈ: കോടമ്പാക്കത്തെ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ നിന്ന് 45 കോടി രൂപയുടെ പഴയ നോട്ടുകൾ പിടിച്ചെടുത്തു. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നിരോധിത കറൻസികളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. ചെന്നൈ സ്വദേശി ദണ്ഡപാണിയുടെ ഉടമസ്ഥതയിലുള്ള രാമലിംഗം ആന്‍റ് കോ എന്ന ടെക്സ്റ്റൈൽ സ്ഥാപനത്തിൽ നിരോധിത കറൻസി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിന്‍റെ ഉടമ ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മറ്റ് മൂന്നിടങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മാർച്ച് 31 ന് ശേഷം രാജ്യത്ത് നിരോധിത കറൻസി കൈവശം വെയ്ക്കുന്നത് കുറ്റകരമാണെന്ന് കാട്ടി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.
